പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മാരുതിയുടെ വജ്രായുധമായിരുന്ന ബലേനൊ ടൊയോട്ടയുടെ മേല്‍വിലാസത്തില്‍ ഒരുങ്ങി. ടൊയോട്ട ഗ്ലാന്‍സ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന്റെ ആദ്യ ടീസര്‍ കമ്പനി പുറത്തുവിട്ടു. ബലേനൊയുടെ ഡിസൈനില്‍ മുഖഭാവത്തില്‍ മാറ്റം വരുത്തിയാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്.
മാരുതി ബലേനൊയില്‍ നല്‍കിയിരുന്ന വലിയ ഗ്രില്ല് ഗ്ലാന്‍സയില്‍ നല്‍കിയിട്ടില്ല. അതേസമയം, വലിയ എയര്‍ഡാമും സ്‌പോര്‍ട്ടി ബമ്പറും നീളമേറിയ ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പും ടൊയോട്ട ലോഗോയും ഗ്ലാന്‍സയെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നു.
വശങ്ങളിലും പിന്‍ഭാഗത്തും യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ടൊയോട്ട ബാഡ്ജിങ് നല്‍കിയിട്ടുള്ള അലോയി വീലുകള്‍, ബോഡി കളര്‍ റിയര്‍വ്യു മിറര്‍, ബ്ലാക്ക് ബി പില്ലര്‍, ക്രോമിയം ഫിനീഷ് ഡോര്‍ ഹാന്‍ഡില്‍ എന്നിവ വശങ്ങളിലും സ്‌പോയിലര്‍ ഉള്‍പ്പെടെയുള്ളവ പിന്നിലും നിലനിര്‍ത്തിയിട്ടുണ്ട്.
അടുത്തിടെ അവതരിപ്പിച്ച പുതുതലമുറ ബലേനൊയിലെ ക്യാബിന്‍ തന്നെയാണ് ഗ്ലാന്‍സയിലും. എന്നാല്‍, ഇന്റീരിയര്‍ നിറത്തിലും സീറ്റുകളിലും നേരിയ മാറ്റം പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവ ഗ്ലാന്‍സയിലുമുണ്ട്.
അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് എന്നിവയാണ് സുരക്ഷ ഒരുക്കുന്നുണ്ട്.
പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരുക്കും ഗ്ലാന്‍സ പുറത്തിറക്കുക. 83 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ കെ-സീരിയസ് എന്‍ജിനിലും 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഹൈബ്രിഡ് പെട്രോല്‍ എന്‍ജിനിലും ഈ വാഹനം എത്തും. 5 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളും ഇതില്‍ നല്‍കും.
Content Highlights: Toyota Glanza hatchback