സ്വന്തമായി ഒരു വാഹനമെന്ന പലരുടെയും സ്വപ്നം സാക്ഷാത്കരിക്കുന്നത് ഉത്സവകാലത്താണ്. കമ്പനികള്‍ ഒരുക്കുന്ന വിവിധ ആനുകൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈസ്വപ്നം യാഥാര്‍ഥ്യമാകുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഉത്സവകാലം ശരിക്കും ആഘോഷമാക്കുന്നത് ഓട്ടോമൊബൈല്‍ മേഖലയാണ്.
പതിവുകള്‍ ഇത്തവണയും നിര്‍മാതാക്കള്‍ തെറ്റിക്കുന്നില്ല. ഉത്സവ സീസണിലെ വില്‍പ്പന ലക്ഷ്യമാക്കി നാല് പുതിയ കാറുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഫോര്‍ഡ്, ഹോണ്ട, ഹ്യുണ്ടായി, മെഴ്സിഡസ് എന്നീ നിര്‍മാതാക്കളാണ് ഉത്സവ സീസണില്‍ പുതിയ മോഡലുമായി എത്തുന്നത്.
ഹ്യുണ്ടായി സാന്‍ട്രോ(എഎച്ച്2)
ഏറ്റവുമധികം മത്സരം നിലനില്‍ക്കുന്ന ഹാച്ച്ബാക്ക് ശ്രേണിയിലേക്കാണ് ഈ വാഹനം എത്തുന്നത്. മാരുതി വാഗണ്‍ആര്‍, സെലേറിയോ, ടാറ്റ ടിയാഗോ, റെനോ ക്വിഡ് എന്നിവര്‍ അരങ്ങുവാഴുന്ന ശ്രേണിയിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സാന്‍ട്രോ മടങ്ങിയെത്തുന്നത്.
ഫോര്‍ഡ് ആസ്പയര്
പുറംമോടിയില്‍ ആവശ്യത്തിന് മാറ്റങ്ങളുമായാണ് ആസ്പയര് രണ്ടാം വരവ് നടത്തുന്നത്. സെഡാന് ശ്രേണി വാഴുന്ന ശക്തരായ മോഡലുകള്‍ക്ക് കടുത്ത വെല്ലുവിളി സമ്മാനിക്കാന്‍ ആസ്പയറിന്റെ രണ്ടാം വരവിനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഹോണ്ട സിആര്‍-വി
ജപ്പാന് വാഹന നിര്‍മാതാക്കളായ ഹോണ്ട ഉത്സവം ആഘോഷിക്കാനെത്തുന്നത് സിആര്‍-വിയിലൂടെയാണ്. അഞ്ച് സീറ്ററില്‍ നിന്ന് ഏഴ് സീറ്റിലേക്ക് വളര്‍ന്നാണ് സിആര്‍-വിയുടെ അഞ്ചാം തലമുറ വാഹനമെത്തുന്നത്. ഒക്ടോബര്‍ ഒമ്പതിന് വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.
നാലാം തലമുറ സിആര്‍-വിയില്‍ നിന്ന് രൂപത്തിലും ഭാവത്തിലും ചില മാറ്റങ്ങളോടെയാണ് സിആര്‍-വി വീണ്ടും ജനിക്കുന്നത്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍, എന്നീ വാഹനങ്ങളായിരിക്കും പുതിയ സിആര്‍-വിയുടെ പ്രധാന എതിരാളികള്‍.
മെഴ്സിഡസ് ബെല്‍സ് സി-ക്ലാസ്
മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് അല്‍പ്പം നേരത്തെ എത്താനുള്ള തയാറെടുപ്പിലാണ് ബെന്‍സ്. ഈ മാസം 20ന് വാഹനം അവതരിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. രൂപത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെങ്കിലും വിവിധ സി ക്ലാസിന്റെ വിവിധ മോഡലുകളുടെ കരുത്ത് ഉയര്‍ത്തിയാണ് എത്തുന്നത്.
ഈ വാഹനങ്ങള്‍ക്ക് പുറമെ മാരുതിയുടെ പുതിയ എര്‍ട്ടിഗയും, ഡാറ്റ്സണ്‍ ഗോ മോഡലുകളുടെ ഫെയ്സ്ലിഫ്റ്റ് മോഡലുകളും നിരത്തിലെത്തിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ ഇത് നീട്ടിവയ്ക്കുകയായിരുന്നു.