അതിശയിപ്പിക്കുന്ന വിലയില്‍ ടാറ്റയുടെ തലവര മാറ്റാന്‍ നെക്‌സോണ്‍ അവതരിച്ചു


സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി ശ്രേണിയില്‍ മാര്‍ക്കറ്റ് ലീഡറായ മാരുതി വിറ്റാര ബ്രെസയ്ക്കും ഫോര്‍ഡ് എക്കോസ്‌പോര്‍ട്ടിനും ശക്തനായ എതിരാളിയാകും നെക്‌സോണ്‍.

റെ നാള്‍ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി നെക്‌സോണ്‍ അവതരിച്ചു. എതിരാളികളെ നിഷ്പ്രഭമാക്കുന്ന വിലയിലാണ് നെക്‌സോണിന്റെ വരവ്. 5.85 ലക്ഷം രൂപയാണ് നെക്‌സോണിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം പ്രാരംഭ വില. ടോപ് സ്‌പെക്കിന് 9.45 ലക്ഷവും. മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ ഇത്തവണ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്. സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി ശ്രേണിയില്‍ മാര്‍ക്കറ്റ് ലീഡറായ മാരുതി വിറ്റാര ബ്രെസയ്ക്കും ഫോര്‍ഡ് എക്കോസ്‌പോര്‍ട്ടിനും ശക്തനായ എതിരാളിയാകും നെക്‌സോണ്‍.

ഒറ്റനോട്ടത്തില്‍ കിടിലന്‍ കോംപാക്ട് എസ്.യു.വി എന്ന വിശേഷണം അവകാശപ്പെടാനുള്ള രൂപഭംഗി നെക്‌സോണ്‍ സ്വന്തമാക്കിയിട്ടുണ്ട്. റേഞ്ച് റോവര്‍ ഇവോക്കിന്റെ ചില ഡിസൈന്‍ പ്രിന്‍സിപ്പിള്‍ നെക്സോണില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു. അതിനാല്‍തന്നെ കണ്ടുമടുത്ത പതിവ് ടാറ്റ മുഖഛായ നെക്സോണില്‍ പ്രകടമല്ല. ടിയാഗോ, ടിഗോര്‍, ഹെക്സ എന്നിവയിക്ക് ശേഷം ഇംപാക്ട് ഡിസൈന്‍ ഫിലോസഫിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച നാലാമത്തെ മോഡലാണ് നെക്സോണ്‍.

Read More; നെക്‌സോണിനെക്കുറിച്ച് 10 കാര്യങ്ങള്‍

പെട്രോല്‍-ഡീസല്‍ എന്‍ജിനില്‍ XE, XM, XT, XZ + എന്നീ നാല് വകഭേദങ്ങളില്‍ നെക്സോണ്‍ വിപണിയിലെത്തും. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് റെവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍ 5000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 2000-4000 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എഞ്ചിന്‍ 3750 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 1500-2750 ആര്‍പിഎമ്മില്‍ 260 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. രണ്ടിലും 6 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. രണ്ടാം ഘട്ടത്തില്‍ ഓട്ടോമാറ്റിക് പതിപ്പും അവതരിപ്പിക്കും. എക്കോ, സിറ്റി, സ്പോര്‍ട്ട് എന്നീ മൂന്നു ഡ്രൈവിങ് മോഡില്‍ ഈ സബ്-ഫോര്‍ മീറ്റര്‍ എസ്.യു.വി നിയന്ത്രിക്കാം.

കൂപ്പെ രൂപത്തോട് ഇണങ്ങിനില്‍ക്കുന്ന എയറോഡൈനാമിക് രൂപമാണ് വാഹനത്തിനുള്ളത്. അല്‍പം പ്രീമിയം ലുക്ക് നല്‍കുന്നതാണ് അകത്തളം. സെന്റര്‍ കണ്‍സോളിലും ഡോറിലുമായി വെള്ളവും മാറ്റും സൂക്ഷിക്കാന്‍ ധാരാളം സ്പേസുണ്ട്. ഡാഷ്ബോര്‍ഡില്‍ 6.5 ഇഞ്ച് ഫ്ളോട്ടിങ് ടച്ച് സ്‌ക്രീന്‍ സ്ഥാനംപിടിച്ചു. സുരക്ഷ നല്‍കാന്‍ മുന്നില്‍ ഡ്യൂവല്‍ എയര്‍ബാഗ്, ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെട്രോള്‍ പതിപ്പില്‍ 17 കിലോമീറ്ററും ഡീസലില്‍ 21.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

വില വിവരങ്ങള്‍ (ഡല്‍ഹി എക്‌സ്‌ഷോറൂം)

പെട്രോള്‍
നെക്‌സോണ്‍ XE - 5.85 ലക്ഷം
നെക്‌സോണ്‍ XM - 6.5 ലക്ഷം
നെക്‌സോണ്‍ XT - 7.3 ലക്ഷം
നെക്‌സോണ്‍ XZ + - 8.45 ലക്ഷം
നെക്‌സോണ്‍ XZ + ഡ്യുവല്‍ ടോണ്‍ - 8.6 ലക്ഷം

ഡീസല്‍
നെക്‌സോണ്‍ XE - 6.85 ലക്ഷം
നെക്‌സോണ്‍ XM - 7.4 ലക്ഷം
നെക്‌സോണ്‍ XT - 8.15 ലക്ഷം
നെക്‌സോണ്‍ XZ + - 9.3 ലക്ഷം
നെക്‌സോണ്‍ XZ + ഡ്യുവല്‍ ടോണ്‍ - 9.45 ലക്ഷം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram