വീണ്ടും അത്ഭുതപ്പെടുത്തി ടാറ്റ; ഇതാ വരുന്നു മൈക്രോ എസ്.യു.വി H2X


ഒറ്റനോട്ടത്തില്‍ ആരെയും ആകര്‍ഷിക്കുന്ന കരുത്തന്‍ രൂപത്തിലാണ് H2X.

നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍, ഹെക്‌സ, ഹാരിയര്‍ തുടങ്ങി അടുത്ത കാലത്ത് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയ മോഡലുകളെല്ലാം ഇന്ത്യയില്‍ ഹിറ്റാണ്. വിപണിയില്‍ ജനപ്രിയരായ ഈ മോഡലുകള്‍ക്ക് പിന്നാലെ പുതിയൊരു മൈക്രോ എസ്.യു.വിയുമായാണ് ഇനി ടാറ്റ വരുന്നത്. നടന്നുകൊണ്ടിരിക്കുന്ന ജനീവ മോട്ടോര്‍ ഷോയില്‍ H2X എന്ന പേരില്‍ മൈക്രോ എസ്.യു.വിയുടെ കണ്‍സെപ്റ്റ് മോഡല്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണിപ്പോള്‍ ടാറ്റ.

ഒറ്റനോട്ടത്തില്‍ ആരെയും ആകര്‍ഷിക്കുന്ന കരുത്തന്‍ രൂപത്തിലാണ് H2X. അടുത്ത വര്‍ഷം നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇതിന്റെ പ്രൊഡക്ഷന്‍ സ്‌പെക്ക് ടാറ്റ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന. പുതിയ ആല്‍ഫ ആര്‍ക്കിടെക്ച്ചറില്‍ ഇംപാക്ട് 2.0 ഡിസൈനിലാണ് കണ്‍സെപ്റ്റിന്റെ നിര്‍മാണം. ഹാരിയറിന്റെ കണ്‍സെപ്റ്റ് മോഡലായിരുന്ന H5X മോഡലില്‍നിന്ന് ചില ഡിസൈന്‍ H2X -ല്‍ പ്രകടമാകും. വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് അടക്കമുള്ള വിവരങ്ങളൊന്നും ടാറ്റ വ്യക്തമാക്കിയിട്ടില്ല. 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍ ഇതില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.

ടാറ്റ നിരയില്‍ നെക്‌സോണിന് തൊട്ടുതാഴെയായിരിക്കും പുതിയ മൈക്രോ എസ്.യു.വിയുടെ സ്ഥാനം. മഹീന്ദ്ര KUV 100, വരാനിരിക്കുന്ന മാരുതി സുസുക്കി ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റ് എന്നിവയാണ് ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ ടാറ്റ H2X-ന്റെ പ്രധാന എതിരാളികള്‍. H2X കണ്‍സെപ്റ്റിന് പുറമേ സെവന്‍ സീറ്റര്‍ ബസാര്‍ഡ്‌ എസ്.യു.വി, ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക്, ആള്‍ട്രോസ് ഇലക്ട്രിക് എന്നീ മോഡലുകള്‍ ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Content Highlights; Tata H2X Micro SUV Concept Makes Global Debut

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram