ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജിങ്ങ് സംവിധാനം ഒരുക്കുന്നതിനായി ടാറ്റാ മോട്ടോഴ്‌സും ടാറ്റാ പവറും ചേര്‍ന്ന് ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലായി 300 അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു. മുംബൈ, ഡല്‍ഹി, പൂനെ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടം ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഒരുക്കുക.
ഇലക്ട്രിക് വാഹന ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായി പൂനെയില്‍ ഏഴ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ ആരംഭിച്ചു. മറ്റ് നഗരങ്ങളില്‍ രണ്ട് മാസത്തിനുള്ളില്‍ 45 സ്റ്റേഷനുകള്‍ ആരംഭിക്കും. ടാറ്റാ ഡീലര്‍ഷിപ്പുകളിലും, ടാറ്റാ ഗ്രൂപ്പ് ഔട്ട്‌ലറ്റുകളിലുമായിരിക്കും ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍.
ടാറ്റ പവറാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ആദ്യത്തെ 50 ചാര്‍ജറുകളില്‍ ഭാരത് സ്റ്റാന്‍ഡേര്‍ഡില്‍ 15 കിലോവാട്ടായിരിക്കും ശേഷി. പിന്നീട് ഡിസി സിസിഎസ് 2 നിലവാരത്തില്‍ 30-50 കിലോവാട്ടായി ശേഷിയുയര്‍ത്തും. ഈ നിലവാരത്തിലുളള ഏത് ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇവിടെ നിന്ന് ചാര്‍ജ് ചെയ്യാം.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സൗകര്യപ്രദമായി ചാര്‍ജ് ചെയ്യാനുള്ള ഒരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി ടാറ്റ മോട്ടോഴ്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടാറ്റ പവര്‍ എംഡിയും സിഇഒയുമായ പ്രവീര്‍ സിന്‍ഹ പറഞ്ഞു.
ഇലക്ട്രിക് വാഹന ചാര്‍ജിങ്ങിനുളള സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ഇത്തരം സജ്ജീകരണങ്ങള്‍ ഒരുക്കുന്നതുവഴി കൂടുതല്‍ ആളുകള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് എത്തിക്കുന്നതില്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ടാറ്റ മോട്ടോഴ്‌സ് എംഡി ഗുണ്ടര്‍ ബുഷെക് പറഞ്ഞു
ടാറ്റാ പവറിന് മുംബൈയില്‍ 42 ഇലക്ട്രിക് ചാര്‍ജിങ്ങ് സ്റ്റേഷനുകളുണ്ട്. ഇതിനുപുറമെ, ഹൈദരാബാദ്, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലായി 85 ചാര്‍ജിങ്ങ് പോയിന്റുകളുമുണ്ട്. പൊതുസ്ഥലങ്ങളില്‍ ചാര്‍ജിങ്ങ് സ്റ്റേഷന്‍ ഒരുക്കുന്നതിനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ പദ്ധതിക്ക് ടാറ്റയുടെ പിന്തുണയുണ്ട്.
Content Highlights: Tata Motors And Tata Power Jointly Open 300 Electric Vehicle Charging Stations In Five Cities