ദക്ഷിണ കൊറിയയില്‍ നടക്കാനിരിക്കുന്ന 2017 സോള്‍ മോട്ടോര്‍ ഷോയില്‍ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുന്നോടിയായി Y 400 എന്ന കോഡ് നാമത്തില്‍ നിര്‍മിച്ച പുതുതലമുറ സാങ് യോങ് റെക്‌സ്റ്റണ്‍ എസ്.യു.വിക്ക് പേരിട്ടു. LIV-2 കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തില്‍ രൂപകല്‍പ്പന ചെയ്ത കരുത്തന്‍ വാഹനത്തിന് G4 റെക്‌സ്റ്റണ്‍ (Great 4 Revolution) എന്നാണ് കമ്പനി നല്‍കിയ പേര്. ടൊയോട്ട ഫോര്‍ച്യൂണറിനും ഫോര്‍ഡ് എന്‍ഡവറിനും ശക്തമായ വെല്ലുവിളി ഉയര്‍ത്തി പുതിയ മോഡല്‍ ഈ വര്‍ഷം അവസാനത്തോടെയാകും ഇന്ത്യന്‍ നിരത്തിലെത്തുക. കമ്പനിയുടെ ടോപ് എന്‍ഡ് ഫ്ളാഗ്ഷിപ്പ് മോഡല്‍ XUV 500-നും മുകളിലാണ് പുതിയ റെക്സ്റ്റണിന്റെ സ്ഥാനം. 25-30 ലക്ഷത്തിനുള്ളിലാകും ഇന്ത്യയിലെ വിപണി വില.
പുതുക്കിപ്പണിത ബംമ്പര്‍, ഹെഡ്‌ലാംമ്പ്, ബ്ലാക്ക് ബോഡി ക്ലാഡിങ് എന്നിവയാണ് മുന്‍ ഭാഗത്തെ പ്രധാന മാറ്റം. നേരത്തെ വിപണിയിലുള്ള സാങ്‌യോങ് റെക്സ്റ്റണിന്റെ രണ്ടാം തലമുറ വാഹനമാണിത്. സാങ്‌യോങ് റെക്സ്റ്റണിന്റെ ഒന്നാം തലമുറ ഇന്ത്യന്‍ നിരത്തില്‍ വലിയ പരാജയമായതിനാല്‍ രാജ്യാന്തര വിപണിയില്‍ രണ്ടാം തലമുറ റെക്സ്റ്റണായി അവതരിക്കുന്ന കാര്‍ ഇവിടെ മഹീന്ദ്ര ലേബലില്‍ തന്നെ വിപണിയിലെത്തും. മസില്‍മാന്‍ ലുക്ക് നല്‍കുന്ന എക്സ്റ്റീരിയര്‍ മാത്രം മതി വാഹനത്തിന്റെ കരുത്തറിയാന്‍. നിലവിലുള്ള മോഡലിനെക്കാള്‍ 50 കിലോഗ്രാം ഭാരം കുറവായിരിക്കും ഇവന്, ഇതുവഴി കൂടുതല്‍ ഇന്ധനക്ഷമതയും ഉറപ്പിക്കാം.
പൂര്‍ണമായും വെള്ള നിറത്തില്‍ അലങ്കരിച്ച അകത്തളത്തിന് പകരം ബ്ലാക്ക്-ബ്രൗണ്‍ ഡ്യുവല്‍ നിറത്തിലാണ് ഇന്റീരിയര്‍ ഒരുക്കിയത്. പെട്രോള്‍-ഡീസല്‍ വകഭേദങ്ങളില്‍ വാഹനം ലഭ്യമാകുമെങ്കിലും എഞ്ചിന്‍ ശേഷി സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. 225 ബി.എച്ച്.പി കരുത്തും 349 എന്‍.എം ടോര്‍ക്കുമേകുന്ന 2.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും, 184 ബി.എച്ച്.പി കരുത്തും 420 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനും വാഹനത്തില്‍ ഉള്‍പ്പടുത്താനാണ് സാധ്യത. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാകും ഉള്‍പ്പെടുത്തുക.
2017 റെക്സ്റ്റണ്‍ ഇങ്ങോട്ടെത്തുമ്പോള്‍ മഹീന്ദ്രയുടെ തനത് മുഖച്ഛായ നല്‍കാന്‍ മുന്‍ ഭാഗത്തെ ഗ്രില്ലില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മൂഡ് ലൈറ്റിങ്, പിന്‍ സീറ്റ് യാത്രികര്‍ക്കായി 10.1 ഇഞ്ച് ഡിസ്പ്ലേ, 9 എയര്‍ബാഗ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, എ.ബി.എസ്, ഇ.ബി.ഡി, ഇലക്ട്രേണിക് സ്റ്റെബിലിറ്റി പ്രൊട്ടക്ഷന്‍, ആക്ടീവ് റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് സിസ്റ്റം എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ഇന്ത്യയിലേക്കെത്തുന്ന മോഡലില്‍ ഇവയില്‍ പലതും ഉള്‍പ്പെട്ടെക്കില്ല.