കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ പുതിയ ട്രൈബര്‍ മോഡല്‍ കൊച്ചിയല്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയിലേക്കായി പ്രത്യേകം രൂപകല്പന ചെയ്ത ട്രൈബര്‍ ബി സെഗ്മെന്റിലേക്കാണ് മത്സരിക്കാനെത്തുന്നത്. ഇന്ത്യയിലെയും ഫ്രാന്‍സിലേയും റെനോ ടീം സംയുക്തമായി ഡിസൈന്‍ ചെയ്ത മോഡലാണിത്. 4.95 ലക്ഷം മുതലാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്സ്ഷോറൂം വില. RXE, RXL, RXT, RXZ എന്നീ നാല് വേരിയന്റുണ്ട് ട്രൈബറിന്.
നാല് മീറ്റര്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകുമെന്നതാണ് ട്രൈബറിന്റെ പ്രധാന സവിശേഷത. പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ട്രൈബര്‍ പുറത്തിറങ്ങുന്നത്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് ബോണറ്റിനടിയില്‍. 6250 ആര്‍പിഎമ്മില്‍ 72 പിഎസ് പവറും 3500 ആര്‍പിഎമ്മില്‍ 96 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍. മികച്ച ഇന്ധനക്ഷമത എന്‍ജിന്‍ നല്‍കുമെന്നും റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രൈബറിന്റെ അവതരണത്തോടെ ഇന്ത്യന്‍ വാഹന വിപണിയിലെ ഏറ്റവും വലുതും വേഗത്തില്‍ വളരുന്നതുമായ വിഭാഗത്തിലേക്കാണ് റെനോ പ്രവേശിച്ചിരിക്കുന്നതെന്നും ആകര്‍ഷകമായ വിലയില്‍ ട്രൈബര്‍ മൂല്യത്തിന് വില കല്‍പ്പിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ വാഹനമായിരിക്കുമെന്നും റെനോ ഇന്ത്യ ഓപറേഷന്‍സ് സിഇഒയും മാനേജിങ് ഡയറക്ടറുമായ വെങ്കട് രാം മാമിലപ്പല്ലെ പറഞ്ഞു.
കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപമാണ് ട്രൈബറിനുള്ളത്. ഡ്യുവല്‍ ടോണ്‍ ബംബര്‍, മുന്നിലെ ട്രിപ്പില്‍ എഡ്ജ് ക്രോം ഗ്രില്‍, അതിന് നടുവിലെ വലിയ ലോഗോ, പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവ മുന്‍ഭാഗത്തെ ആകര്‍ഷകമാക്കും. എംപിവിക്ക് ഇണങ്ങുന്ന സ്റ്റെലിഷ് ഡിസൈന്‍ വശങ്ങളില്‍ എടുത്തുകാണാം. പിന്‍ഭാഗത്ത് വലിയ മോടിപിടിപ്പിക്കലില്ലെങ്കിലും ഡിസൈന്‍ ഏറെ മികവ് പുലര്‍ത്തുന്നു.
പുറത്തെ രൂപഭംഗിയുടെ പ്രതിഫലനമാണ് അകത്തളവും. എന്തിനുമുള്ള സ്ഥലസൗകര്യം ട്രൈബറിനുള്ളിലുണ്ടെന്ന് കമ്പനി അടിവരയിട്ട് പറയുന്നു. ഉപഭോക്താവിന്റെ ആവശ്യാനുസരണം പല തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍ ധാരാളം സ്പേസ് കാറിനകത്ത് നല്‍കും. പൂര്‍ണമായും ഇരട്ട നിറത്തിലാണ് ഇന്റീരിയര്‍ ഡിസൈന്‍. സ്‌പോര്‍ട്ടി ഡിസൈനിലുള്ള 3.5 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡോറിലും മറ്റുമായി യാത്രക്കാര്‍ക്ക് ആവശ്യത്തിന് ചെറു സ്റ്റോറേജ് സ്‌പേസുകള്‍, പുതിയ എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളം സമ്പന്നമാക്കുന്നു.
3990 എംഎം ആണ് നീളം. 1739 എംഎം വീതിയും 1643 എംഎം ഉയരവും 2636 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. ഗ്രൗണ്ട് ക്ലിയറന്‍സ് 182 എംഎം. 947 കിലോഗ്രാമാണ് ഭാരം. മൂന്ന് നിര സീറ്റുകളില്‍ ആവശ്യത്തിന് ലെഗ് സ്‌പേസും ട്രൈബറിലുണ്ട്. 5 സീറ്ററാകുമ്പോള്‍ 625 ലിറ്ററും 6 സീറ്ററില്‍ 320 ലിറ്ററും 7 സീറ്ററിലേക്ക് മാറുമ്പോള്‍ 84 ലിറ്ററുമാണ് ട്രൈബറില്‍ ലഭിക്കുന്ന ബൂട്ട് സ്‌പേസ് കപ്പാസിറ്റി. യാത്രക്കാരുടെ സുരക്ഷ ഉറുപ്പുവരുത്താന്‍ നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് ക്യാമറ, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എല്ലാ നിരയിലും ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ട്രൈബറില്‍ നല്‍കിയിട്ടുണ്ട്. റെനോ നിരയില്‍ ക്വിഡിനും ലോഡ്ജിക്കും ഇടയിലാണ് ട്രൈബറിന്റെ സ്ഥാനം.
Content Highlights; renault triber launched in kochi, renault triber features