ഇന്ത്യയില്‍ മുന്‍ഗണന നല്‍കുന്നത് 'പ്ലഗ് ഇന്‍ ഹൈബ്രിഡ്' കാറുകള്‍ക്കാണെന്ന് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മാര്‍ട്ടിന്‍ ഷ്വെന്‍ക്. വൈദ്യുത വാഹനങ്ങള്‍ ദൂരയാത്രയ്ക്ക് ഉപയോഗിക്കുമ്പോള്‍ ഇടയില്‍ ചാര്‍ജ് ചെയ്യേണ്ടി വരും. ഈ സാഹചര്യങ്ങളില്‍ ഡീസല്‍ അല്ലെങ്കില്‍ പെട്രോള്‍ എന്‍ജിന്‍ കൂടിയുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിരിക്കും. ഇത്തരം വാഹനങ്ങളില്‍ പ്രവര്‍ത്തനത്തിന് കൂടുതലും വൈദ്യുതി ഉപയോഗിക്കുന്നതിനാല്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡീസലിന് നല്ല ഭാവി
ഡീസല്‍ വാഹനങ്ങളുടെ കാലം കഴിഞ്ഞിട്ടില്ല. അതിനു മികച്ച ഭാവി മുന്നില്‍ കാണുന്നു. മെഴ്സിഡസ് ബെന്‍സ് ഉപയോഗിക്കുന്ന ഡീസല്‍ എന്‍ജിനുകള്‍ യൂറോപ്യന്‍ നിലവാരത്തിലുള്ളതാണ്. മികച്ച പ്രവര്‍ത്തനശേഷിയും കുറഞ്ഞ മലിനീകരണവും ഉള്ളവയാണിവ. ബി.എസ്.6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഈ എന്‍ജിനുകള്‍ക്ക് 25 ശതമാനം വരെ പ്രവര്‍ത്തനശേഷി കൂടുതലായുണ്ട്. അതുകൊണ്ടുതന്നെ ഡീസല്‍ വാഹനങ്ങള്‍ വിപണിയില്‍ തുടരും.
വൈദ്യുത വാഹനങ്ങള്‍
2022-ല്‍ കമ്പനി ആഗോള വിപണിയില്‍ പത്ത് വൈദ്യുതി വാഹന മോഡലുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇതില്‍ എല്ലാ മോഡലുകളും ഇന്ത്യയില്‍ അവതരിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങള്‍ നോക്കി ചില പതിപ്പുകള്‍ ഇന്ത്യയിലെത്തിച്ചേക്കും. ഉയര്‍ന്ന ഇറക്കുമതി തീരുവ വലിയ പ്രതിസന്ധിയാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുക വലിയ ബുദ്ധിമുട്ടാണ്. ഇറക്കുമതി നിരോധിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വൈദ്യുത വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് ശ്രമകരമാണ്. എങ്കിലും സാഹചര്യങ്ങള്‍ അനുസരിച്ച് മുന്നോട്ടു പോകും.
വിപണിയുടെ പോക്ക്
നിലവില്‍ കാര്‍ വിപണിയിലെ മാന്ദ്യത്തിന് പല കാരണങ്ങളുണ്ട്. വായ്പാ ലഭ്യതയിലെ കുറവ്, വൈദ്യുത വാഹനങ്ങളുടെ വരവിനെക്കുറിച്ചുള്ള ആശങ്കകള്‍, ചരക്ക് - സേവന നികുതി, സാമ്പത്തിക വളര്‍ച്ചാ മുരടിപ്പ് എന്നിവ അതില്‍ ചിലതാണ്. ബി.എസ്.6 എന്‍ജിനുകള്‍ വരുന്നത് ഉപഭോക്താക്കള്‍ തീരുമാനം നീട്ടിവെയ്ക്കുന്നതിനും കാരണമായിട്ടുണ്ട്. വില കുറയുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെ. വരും മാസങ്ങളില്‍ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ പ്രതീക്ഷയുണ്ട്.
ഒല, ഊബര്‍ പോലുള്ള സംവിധാനങ്ങളും വാഹനം വാടകയ്ക്ക് എടുക്കാനുള്ള സൗകര്യവും ലക്ഷ്വറി കാര്‍ വിപണിയെ ബാധിച്ചതായി കരുതുന്നില്ല. ഈ വിഭാഗത്തില്‍ വാഹനം സ്വന്തമാക്കാനും ഓടിക്കാനും താത്പര്യമുള്ള ഒട്ടേറെപ്പേരുണ്ട്. ഊബര്‍ നേരത്തെയും ഇവിടെ ഉണ്ടായിരുന്നു. മൂന്നു വര്‍ഷം കാര്‍ വാടകയ്‌ക്കെടുക്കാനുള്ള സൗകര്യം നിലവിലുണ്ട്. വില്പന കുറയുന്നതിന് ഇതു കാരണമായെങ്കില്‍ വാടകയ്‌ക്കെടുക്കുന്നവര്‍ കൂടണം. അതുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ വില്പനയിലെ മാന്ദ്യം താത്കാലികമാണെന്നാണ് കരുതുന്നതെന്നും മാര്‍ട്ടിന്‍ ഷ്വെന്‍ക് പറഞ്ഞു.
Content Highlights: Possibility Of Hybrid Cars In India