പെര്‍ഫോമെന്‍സ് ശ്രേണിയില്‍ കരുത്തുകാട്ടാന്‍ സ്വിഫ്റ്റിന്റെ ആര്‍എസ് വരുന്നെന്ന വാര്‍ത്തകള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ട്. വരുന്നു എന്നറിയിച്ചതല്ലാതെ കൃത്യമായ സമയം മാരുതി ഇതുവരെ അറിയിച്ചിരുന്നില്ല. എന്നാല്‍, അടുത്ത ഏപ്രിലില്‍ ആര്‍എസ് എത്തിക്കുമെന്നാണ് പുതിയ ഉറപ്പ്.
സ്വിഫ്റ്റിന്റെ സ്‌പോര്‍ട്ട് മോഡല്‍ പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്കിടയിലേക്കാണ് പെര്‍ഫോമെന്‍സ് മോഡലായ ആര്‍എസുമായി മാരുതി എത്തുന്നത്. മുമ്പ് മാരുതി എത്തിച്ച ബലേനോ ആര്‍എസിനെ ഓര്‍മ്മിപ്പിക്കും വിധമാണ് സ്വിഫ്റ്റ് ആര്‍എസിന്റെയും വരവ്.
ബലേനോ ആര്‍എസിലെ അതേ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് സ്വിഫ്റ്റ് ആര്‍എസിലും ഇടംപിടിക്കുക. 5500 ആര്‍പിഎമ്മില്‍ 101 ബിഎച്ച്പി പവറും 1700-4500 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലായിരിക്കും ഗിയര്‍ബോക്സ്.
ആര്‍.എസ്. എന്ന ബാഡ്ജിങ്ങായിരിക്കും പ്രധാന സവിശേഷത. വീതിയേറിയ ബമ്പര്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, റൂഫ് സ്പോയിലര്‍ എന്നിവ സ്വിഫ്റ്റ് ആര്‍.എസിനുണ്ടാകും. പെര്‍ഫോമന്‍സ് പതിപ്പായതുകൊണ്ട് 16 ഇഞ്ച് അലോയ് വീലുകള്‍, നാലു ടയറുകളിലും ഡിസ്‌ക് ബ്രേക്ക്, ദൃഢപ്പെടുത്തിയ സസ്‌പെന്‍ഷന്‍ എന്നിവയും പ്രതീക്ഷിക്കാം.
സാധാരണക്കാരന് പോക്കറ്റിലൊതുങ്ങുന്ന പെര്‍ഫോമന്‍സ് കാര്‍ എന്നതാണ് മാരുതിയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ സ്വിഫ്റ്റ് ആര്‍.എസിന് 7.80 ലക്ഷം മുതല്‍ എട്ടു ലക്ഷം രൂപ വരെ വിലയാകുമെന്നാണ് സൂചനകള്‍.
ടാറ്റയില്‍ നിന്ന് നിരത്തിലെത്തിയ ടിയാഗോ ജെഡിപി പെര്‍ഫോമെന്‍സ് പതിപ്പായിരിക്കും സ്വിഫ്റ്റ് ആര്‍എസിന്റെ പ്രധാന എതിരാളി.
Content Highlights: Performance-Oriented Maruti Swift RS Launching Within 6 Months