നമ്പര്‍ പ്ലേറ്റും രജിസ്‌ട്രേഷന്‍ രേഖകളുമില്ലാത്ത ആഡംബര വാഹനത്തിന് 9,80,000 രൂപ പിഴയിട്ട് അഹമ്മദാബാദ് മോട്ടോര്‍ വാഹനവകുപ്പ്. ബുധനാഴ്ച ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വാഹനം പിടിയിലായത്. അഹമ്മദാബാദ് പോലീസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
പോര്‍ഷെയുടെ രണ്ട് കോടി രൂപ വിലയിലുള്ള 911 സ്‌പോര്‍ട്‌സ് കാറാണ് രേഖകളും നമ്പര്‍ പ്ലേറ്റുമില്ലാതെ അധികൃതര്‍ക്ക് മുന്നില്‍ കുടുങ്ങിയത്. രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ അതിന് തയാറാവാതെ വന്നതോടെയാണ് പിഴ ചുമത്തിയതെന്നാണ് റിപ്പോര്‍ട്ട്.
നിയമലംഘനം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വാഹനം പിടികൂടിയത്.വാഹനത്തിലുണ്ടായിരുന്നവരുടെ കൈവശം രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ വാഹനം കസ്റ്റഡിയിലെടുക്കുകയും ആര്‍ടിഒ മുഖേന വാഹന ഉടമയ്ക്ക് മെമ്മോ അയയ്ക്കുകയുമായിരുന്നെന്ന് പോലീസ് മേധാവി തേജസ് പട്ടേല്‍ പറഞ്ഞു.
ഈ വാഹനത്തിന് വരുന്ന ടാക്‌സും പിഴയും മറ്റ് ചാര്‍ജുകളും കണക്കുകൂട്ടിയാണ് മോട്ടോര്‍ വാഹനവകുപ്പ് പിഴ 9.8 ലക്ഷം രൂപ പിഴ ചുമത്തിയത്. ഈ പണം ആര്‍ടി ഓഫീസില്‍ അടച്ച് രസീത് ഹാജരാക്കിയാല്‍ മാത്രമേ വാഹനം വിട്ടുനല്‍കൂവെന്നും പോലീസ് മേധാവി വ്യക്തമാക്കി.
സ്‌പോര്‍ട്‌സ് കാര്‍ ശ്രേണിയിലെത്തുന്ന ഈ വാഹനത്തില്‍ 450 എച്ച്പി പവറും 530 എന്‍എം ടോര്‍ക്കുമേകുന്ന 3 ലിറ്റര്‍ സിക്സ് സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ എഞ്ചിനാണ് കരുത്തേകുന്നത്. 8 സ്പീഡാണ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 3.7 സെക്കന്റ് സമയം മതി.
Content Highlights: No Number Plates and Documents; Porsche 911 Get 9.8 Lakh Fine