ഇന്ത്യന്‍ നിരത്തുകളിലുള്ള വാഹനങ്ങളെല്ലാം മാറ്റത്തിന്റെ പാതയിലാണ്. ഹാച്ച്ബാക്ക് മോഡലുകളുടെ ക്രോസ്ഓവര്‍ എത്തുന്നു, സെഡാന്‍ കൂടുതല്‍ സ്‌റ്റൈലിഷാകുന്നു, കോംപാക്ട് എസ്‌യുവികള്‍ ഏഴ് സീറ്റര്‍ എംപിവിയാകുന്നു എന്നിങ്ങനെ നീളുന്നു മാറ്റത്തിന്റെ പട്ടിക.
ഹോണ്ടയുടെ സിആര്‍-വിയെ പോലെ അഞ്ച് സീറ്റില്‍ നിന്ന് ഏഴ് സീറ്റിലേക്ക് ഉയരാനുള്ള തയാറെടുപ്പിലാണ് ഹ്യുണ്ടായിയുടെ ക്രെറ്റയും. 2020-ഓടെ എത്തുന്ന ക്രെറ്റയുടെ അടുത്ത തലമുറ ഏഴ് സീറ്റിലായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ലുക്കിലും കരുത്തിലും മാറ്റങ്ങളുമായായിരിക്കും പുതിയ ക്രെറ്റയുടെ വരവ്. ക്രോമിയം ഗ്രില്‍, സ്‌കിഡ് പ്ലേറ്റുകളുടെ അകമ്പടിയോടെ നല്‍കിയിരിക്കുന്ന ബമ്പര്‍, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ഡുവല്‍ ടോണ്‍ നിറം എന്നിങ്ങനെയായിരിക്കും ക്രെറ്റയിലെ മാറ്റങ്ങള്‍.
ആറു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിങ്ങ്, ക്രൂയിസ് കണ്‍ട്രോള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൂന്ന് നിരയിലായി ഏഴ് സീറ്റുകള്‍ എന്നിങ്ങനെ നീളുന്നു ഇന്റീരിയറിലെ മാ്റ്റങ്ങള്‍.
ഇരട്ട എയര്‍ബാഗുകളും എബിഎസ് സംവിധാനവും എല്ലാ മോഡലിലുമുണ്ട്. ടോപ്പ് എന്‍ഡ് മോഡലില്‍ ആറ് എയര്‍ബാഗുകള്‍ ഒരുങ്ങുന്നുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ക്യാമറ, ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ സുരക്ഷ ശക്തമാക്കും.
പുതുതായി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം പെട്രോള്‍ എന്‍ജിനിലും ഇത്തവണ ക്രെറ്റ എത്തുന്നുണ്ട്. ഹ്യുണ്ടായിയുടെ സഹോദര സ്ഥാപനമായ കിയയുടെ ടസ്‌കറില്‍ നല്‍കുന്ന എന്‍ജിനായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ട്.