സിയറയിലൂടെ പ്രതാപകാലം വീണ്ടെടുക്കാനൊരുങ്ങി ടാറ്റ


2000-ത്തോടെ നിരത്തൊഴിഞ്ഞ സിയറ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ.

ചെറുകാറുകള്‍ മത്രം കണ്ട് ശീലിച്ച ഇന്ത്യക്കാരുടെ മുന്നിലേക്ക് ടാറ്റ അവതരിപ്പിച്ച വിസ്മയമായിരുന്നു ടാറ്റയുടെ സിയറ. നീളം കൂടിയ, റൂഫ് വരെ നീളുന്ന സൈഡ് ഗ്ലാസുള്ള, സ്റ്റെപ്പിന് ടയര്‍ പിന്നില്‍ നല്‍കിയിരിക്കുന്ന ഈ കാര്‍ ആളുകള്‍ക്ക് പുതുമയായിരുന്നു. അതുകൊണ്ട് തന്നെ 10 വര്‍ഷം നിരത്തിലെ രാജാവായി തുടരാന്‍ സിയറയ്ക്കായി.

2000-ത്തോടെ നിരത്തൊഴിഞ്ഞ ഈ വാഹനം തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ. ടാറ്റയില്‍നിന്ന് അടുത്തിടെ പുറത്തിറക്കിയ വാഹനങ്ങള്‍ എല്ലാം വന്‍വിജയം തുടരുന്ന ആത്മവിശ്വാസത്തിലാണ് സിയറയും തിരിച്ചെത്തിക്കാനൊരുങ്ങുന്നത്. ടാറ്റ മോട്ടോഴ്‌സ് ഡിസൈന്‍ വിഭാഗം മേധാവിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.

സിയറയുടെ മടങ്ങി വരവ് ആഗ്രഹിക്കുന്ന നിരവധി വാഹന പ്രേമികള്‍ ഇന്ത്യയിലുണ്ട്. ഈ വാഹനം വീണ്ടും അവതരിപ്പിച്ചാല്‍ വന്‍ വിജയമായിരിക്കും. മടങ്ങി വരവില്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന വാഹനമാണിതെന്നും പ്രതാപ് ബോസ് ഓട്ടോ കാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിയറയ്ക്ക് പുറമെ, ടാറ്റയുടെ മറ്റൊരു അഭിമാന മോഡലായ സുമോയും ഏറെ പുതുമകളുമായി മടങ്ങിയെത്തുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ള സുമോ വളരെ മോഡേണായിട്ടായിരിക്കും ഇനി എത്തുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ടാറ്റയില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങിയ ത്രീ ഡോര്‍ എസ്‌യുവിയായിരുന്നു സിയറ. ഓഫ് റോഡ് ലക്ഷ്യമാക്കി പുറത്തിറക്കിയ ഈ വാഹനത്തില്‍ 2.0 ലിറ്റര്‍ പ്യൂഷെ എക്‌സ്ഡി88 എന്‍ജിനാണ് പ്രവര്‍ത്തിച്ചിരുന്നത്. 1948 സിസിയില്‍ 63 എച്ച്പി കരുത്താണ് സിയറ ഉത്പാദിപ്പിച്ചിരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ ഫോര്‍ വീല്‍ ഡ്രൈവ് വാഹനമായിരുന്നു ഇത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram