ടൊയോട്ടയുടെ ഫ്യുവല്‍ സെല്‍ കാറായ മിറായ്‌യുടെ രണ്ടാംതലമുറ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചു. 2019 ടോക്യോ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായാണ് പുതിയ മിറായ് അവതരിപ്പിച്ചത്. മുന്‍ മോഡലിനെക്കാള്‍ 30 ശതമാനം അധിക റേഞ്ചും കൂടുതല്‍ ഫീച്ചേഴ്‌സും പുതിയ മിറായ് അവകാശപ്പെടുന്നുണ്ട്. ജപ്പാന്‍, നോര്‍ത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷത്തോടെ രണ്ടാംതലമുറ മിറായ് പുറത്തിറങ്ങും.
2015ല്‍ ആദ്യമായി നിരത്തിലെത്തിയ ഫ്യുവല്‍ സെല്‍ മിറായ്‌യുടെ പതിനായിരത്തോളം യൂണിറ്റുകള്‍ ഇതിനോടകം ടെയോട്ട വിറ്റഴിച്ചിട്ടുണ്ട്. മോഡുലാര്‍ TNGA പ്ലാറ്റ്‌ഫോമിലാണ് പുതിയ മിറായ്‌യുടെ നിര്‍മാണം. സ്വപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പ്, വീതിയേറിയ ഗ്രില്‍, സ്പ്ലിറ്റ് ടെയില്‍ ലാമ്പ്, 20 ഇഞ്ച് അലോയി വീല്‍, കൂപ്പെയ്ക്ക് സമാനമായി ഒഴുകിയിറങ്ങുന്ന റൂഫ് എന്നിവ മിറായ്‌യെ വ്യത്യസ്തമാക്കും. മുന്‍മോഡലിനെക്കാള്‍ വലുപ്പക്കാരനാണ് പുതുതലമുറ മിറായ്. 4975 എംഎം നീളവും 1885 എംഎം വീതിയും 1470 എംഎം ഉയരവും 2920 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.
ഓള്‍ ബ്ലാക്ക് തീമിലാണ് ഇന്റീരിയര്‍. ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12.3 ഇഞ്ച് ടച്ച സ്‌ക്രീന്‍ ഹെഡ് യൂണിറ്റ് എന്നിവയാണ് അത്യാഢംബരം തുളുമ്പുന്ന അകത്തെ പ്രധാന ആകര്‍ഷണം. പുതിയ മിറായ്‌യില്‍ അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം. റിയല്‍ വീല്‍ ഡ്രൈവില്‍ മുന്‍ മോഡലിനെക്കാള്‍ അധിക പെര്‍ഫോമെന്‍സ് വാഹനം നല്‍കും.
പുതിയ ഫ്യുവല്‍ സെല്‍ സിസ്റ്റം വഴി മിറായ് കൂടുതല്‍ ദൂരം സഞ്ചരിക്കും. മുന്‍ തലമുറ മോഡലില്‍ 5 കിലോഗ്രാം ഹൈഡ്രജന്‍ ടാങ്ക് കപ്പാസിറ്റിയില്‍ 502 കിലോമീറ്റര്‍ റേഞ്ച് ടൊയോട്ട വാഗ്ദാനം ചെയ്തിരുന്നു. ഇതിനെക്കാള്‍ 30 ശതമാനം കൂടുതല്‍ റേഞ്ച് രണ്ടാതലമുറ മിറായ്‌യില്‍ ലഭിക്കുമെന്ന് കമ്പനി പറയുന്നു. അതായത് 651 കിലോമീറ്ററിലേറെ ദൂരം തടസ്സമില്ലാതെ മിറായ് യാത്ര തുടരും. ചുരുങ്ങിയ സമയത്തിനുള്ളല്‍ ഹൈഡ്രജന്‍ ടാങ്ക് നിറച്ച് യാത്ര പുനരാരംഭിക്കാനും സാധിക്കും. പുതിയ ഫ്യുവല്‍സെല്‍ പവര്‍ ട്രെയ്‌ന്റെ കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിങ് വേളയിലേ ടൊയോട്ട വ്യക്തമാക്കു.
Content HIghlights; new generation toyota mirai concept revealed