ഹെക്ടര്‍ എന്ന ഒരൊറ്റ മോഡലിലൂടെ എംജി മോട്ടോഴ്‌സ് ഇന്ത്യന്‍ നിരത്തില്‍ വേരൂന്നി കഴിഞ്ഞു. എന്നാല്‍, നിരത്തില്‍ കരുത്താര്‍ജിക്കുന്നതിന്റെ രണ്ടാം ഘട്ടമെന്നോണം എത്തുമെന്ന് അറിയിച്ചിരുന്ന എംജിയുടെ ഇലക്ട്രിക് എസ്‌യുവി eZS-ന്റെ വരവ് അല്‍പ്പം വൈകുമെന്നാണ് സൂചന.
2019-അവസാനത്തോടെ ഇന്ത്യയിലെത്തിക്കുമെന്നാണ് എംജി മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍, വരവ് 2020-ഓടെ മാത്രം പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് പുത്തന്‍ റിപ്പോര്‍ട്ടുകള്‍. അതേസമയം, ഈ മോഡല്‍ ആഗോളതലത്തില്‍ മുമ്പുതന്നെ അവതരിപ്പിച്ചിരുന്നു.
ഇന്ത്യയിലെ എംജി ലൈനപ്പില്‍ രണ്ടാമത്തെ വാഹനം eZS തന്നെയായിരിക്കുമെന്നാണ് വിവരം. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്സിഡിയും ഇന്‍സെന്റീവും നല്‍കുന്നത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനമാകുമെന്നായിരിക്കും എംജി അധികൃതര്‍ അഭിപ്രായപ്പെട്ടത്.
ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ അഭാവമാണ് എംജിയുടെ വരവ് വൈകാനുള്ള കാരണമെന്നാണ് സൂചന. അതേസമയം, എംജിയുടെ തിരഞ്ഞെടുത്ത ഷോറൂമുകളില്‍ 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം ഒരുക്കാന്‍ ഫിനീഷ് എനര്‍ജി എന്ന കമ്പനിയുമായി എംജി കരാറിലെത്തിയിട്ടുണ്ട്.
ഇന്റര്‍നെറ്റ് കാര്‍ എന്ന പരിവേഷത്തോടെ എത്തുന്ന ഹെക്ടറിന് സമാനമായി ഐ സ്മാര്‍ട്ട് നെക്സ്റ്റ് ജെന്‍ കണക്റ്റിവിറ്റി സംവിധാനങ്ങള്‍ സഹിതമായിരിക്കും eZS എത്തുക. വിദേശ രാജ്യങ്ങളില്‍ ജനപ്രിയനായ എംജിയുടെ പെട്രോള്‍ ZS എസ്.യു.വിയുടെ ഇലക്ട്രിക് വകഭേദമാണ് eZS. രൂപവും അതിന് സമാനം.
എട്ട് മണിക്കൂറില്‍ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന 44.5 kWh ലിഥിയം അയോണ്‍ ബാറ്ററിയായിരിക്കും eZS ല്‍ ഉള്‍പ്പെടുത്തുകയെന്നാണ് സൂചന. ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്നതായിരിക്കും ഈ വാഹനം.
Content Highlights: MG Motors Postponed India Launch Of Its First Electric SUV eZS