എംജി ഹെക്ടറിനെ കാണാനും അടുത്തറിയാനുമുള്ള കാത്തിരിപ്പ് ഇനി അധികം നീളില്ല. വാഹനപ്രേമികള്‍ ഏറെ കാത്തിരിപ്പ് സമ്മാനിച്ച എംജി ഇന്ത്യയുടെ ആദ്യവാഹനം ഹെക്ടര്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ജൂണ്‍ മാസത്തോടെ ഈ വാഹനം വിപണിയിലെത്തിത്തുടങ്ങും.
മിഡ് സൈഡ് എസ്.യു.വി ശ്രേണിയിലേക്കാണ് ഹെക്ടര്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ് എന്നീ വമ്പന്‍മാര്‍ അരങ്ങുവാഴുന്ന സെഗ്മെന്റിലേക്ക് മികച്ച മത്സരം സൃഷ്ടിക്കാനാണ് ഹെക്ടര്‍ കടുന്നുവരുന്നത്. പ്രഥമികഘട്ടത്തില്‍ 65 ഡീലര്‍ഷിപ്പുകളിലൂടെയാണ് ഹെക്ടര്‍ പുറത്തെത്തുന്നത്.
ഇന്റര്‍നെറ്റ് അധിഷ്ഠിത കണക്റ്റിവിറ്റി സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്ന ഖ്യാതിയോടെയാണ് ഹെക്ടര്‍ എത്തുന്നത്. മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ടെക് ഭീമന്മാരുടെ പിന്തുണയില്‍ 'ഐ-സ്മാര്‍ട്' സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിക്കുന്നത്.
ഗ്ലോസ് റെഡ്, ബര്‍ഗണ്ടി റെഡ്, സ്റ്റാറി ബ്ലാക്ക്, അറോറ സില്‍വര്‍, കാന്‍ഡി വൈറ്റ് എന്നീ അഞ്ച് നിറങ്ങളിലാണ് വാഹനം ലഭ്യമാവുക. 4655 എംഎം നീളവും 1835 എംഎം വീതിയും 1760 എംഎം ഉയരവും 2750 എംഎം വീല്‍ബേസും 192 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വാഹനത്തിനുള്ളത്.
സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വകഭേദങ്ങള്‍ ഹെക്ടറിനുണ്ടാകും. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, ഇഎസ്പി, ടിസിഎസ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, വെഹിക്കില്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് എന്നീ സംവിധാനങ്ങള്‍ എല്ലാ വകഭേദങ്ങളിലും സ്റ്റാന്റേര്‍ഡായിരിക്കും.
ജൂണ്‍ പകുതി മുതല്‍ ഹെക്ടര്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വൈകാതെ വാഹനത്തിനുള്ള ഔദ്യോഗിക ബുക്കിങ് ആരംഭിക്കും. ഗുജറാത്തിലെ ഹലോല്‍ പ്ലാന്റിലാണ് വാഹനത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.
Content Highlights: MG Hector SUV Unveiled In India; Launch In June 2019