ചൈനീസ് വാഹന നിര്‍മാതാക്കളായ SAIC ഉടമസ്ഥതയിലുള്ള എംജി (മോറിസ് ഗരേജസ്) മേയ് 15-ന് ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറ്റം കുറിക്കുമെന്ന് കമ്പനി വ്യക്തമാക്കി. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലായ ഹെക്ടറാണ് ആദ്യം എംജിയില്‍ നിന്ന് അവതരിക്കുന്നത്. ഹെക്ടറിന്റെ പ്രീ ബുക്കിങും മേയ് 15 മുതല്‍ ആരംഭിക്കും. ജൂണ്‍ മുതല്‍ വില്‍പന ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ രാജ്യത്തുടനീളം 50 ഡീലര്‍ഷിപ്പുകള്‍ എംജി മോട്ടോഴ്‌സിനുണ്ട്.
അത്യാധുനിക കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറാണ് ഹെക്ടര്‍. മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ആഗോള ടെക്‌നോളജി കമ്പനികളുടെ പിന്തുണയോടെ 'ഐ-സ്മാര്‍ട്' സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിക്കുന്നത്. 10.4 ഇഞ്ച് ഹെഡ് യൂണിറ്റ്, മൊബൈല്‍ എന്നിവയിലൂടെ കാറിന് നിര്‍ദേശങ്ങള്‍ നല്‍കാം, 5ജി അധിഷ്ഠിത സിം ആയിരിക്കും കാറില്‍. ഇതിന് പുറമേ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സ് ഹെക്ടറിലുണ്ടാകും. വലിയ പനോരമിക് സണ്‍റൂഫ്, ആന്റി ഗ്ലെയര്‍ ഇന്റീരിയര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്രോമിയം സ്റ്റഡുകള്‍ നല്‍കിയ ഹണി കോംമ്പ് ഗ്രില്‍, വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, എല്‍ഇഡി ഫോഗ് ലാമ്പ്, 10.4 ഇഞ്ച് പോര്‍ട്ടറൈറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ഹെക്ടറിലുണ്ടാകും.
സ്പ്ലിറ്റ് റൂഫ് റെയില്‍, മുന്നിലും പിന്നിലുമുള്ള സ്‌കിഡ് പ്ലേറ്റ്, ഡയമണ്ട് കട്ട് അലോയി വീല്‍ എന്നിവ ഹെക്ടറിന് കരുത്തന്‍ പരിവേഷം നല്‍കും. വിപണിയിലെത്തുന്നതോടെ ഈ ശ്രേണിയിലെ ഏറ്റവും വലുപ്പമേറിയ എസ്.യു.വിയായി ഹെക്ടര്‍ മാറും. 4665 എംഎം നീളവും 1835 എംഎം വീതിയും 1760 എംഎം ഉയരവും 2750 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 141 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമായിരിക്കും ഹെക്ടറിന് കരുത്തേകുക. 48V മില്‍ഡ് ഹൈബ്രിഡ് വേരിയന്റും ഹെക്ടറിനുണ്ടാകുമെന്ന് സൂചനയുണ്ട്. മെക്കാനിക്കല്‍ ഫിച്ചേഴ്‌സ് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി വ്യക്തമാക്കുകയുള്ളു. 15-20 ലക്ഷത്തിനുള്ളില്‍ വിലയും പ്രതീക്ഷിക്കാം. ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ്, ഹ്യുണ്ടായ് ട്യൂസോണ്‍ എന്നീ വമ്പന്‍മാരെയാണ് ഹെക്ടര്‍ നേരിടേണ്ടത്.
Content Highlights; MG Hector, Hector SUV, MG, Hector Launch