ചൈനീസ് വാഹനനിര്‍മാതാക്കളായ എംജി മോട്ടോഴ്‌സിന്റെ ആദ്യ വാഹനം ഹെക്ടര്‍ നിരത്തിലെത്താനൊരുങ്ങി കഴിഞ്ഞു. കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന ഈ വാഹനത്തിന്റെ ടീസര്‍ ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഹെക്ടര്‍ ഇന്ത്യയിലെ പരീക്ഷണയോട്ടം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. പരീക്ഷണവേളയില്‍ പലതവണ ഈ വാഹനം ക്യാമറയില്‍ കുടുങ്ങുകയും ചെയ്തു. എന്നാല്‍, ഹെക്ടറില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുമായാണ് ഹെക്ടര്‍ എത്തുന്നത്. വലിയ പനോരമിക് സണ്‍റൂഫ്, കിഫോബ്, ആന്റി ഗ്ലെയര്‍ ഇന്റീരിയര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് മറ്റ് കോംപാക്ട് എസ്‌യുവികളില്‍ നിന്ന് ഹെക്ടറിനെ വ്യത്യസ്തമാക്കുന്നത്.
ക്രോമിയം സ്റ്റഡുകള്‍ നല്‍കിയിട്ടുള്ള ഹണി കോംമ്പ് ഗ്രില്ലും ഹാരിയറിലുള്ളതിന് സമാനമായ വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്‌ലാമ്പും ഡിആര്‍എല്ലും എല്‍ഇഡി ഫോഗ് ലാമ്പുമാണ് മുന്‍ വശത്തെ ആകര്‍ഷകമാക്കുന്നത്.
10.1 ഇഞ്ച് പോര്‍ട്ടറൈറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയും ഹെക്ടറിന്റെ ഇന്റീരിയറിലെ പ്രത്യേകതകളാണ്.
170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 141 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.
എംജി ഹെക്ടര്‍ ഇന്ത്യയില്‍ ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ്, ഹ്യുണ്ടായി ടൂസോണ്‍ തുടങ്ങിയ വാഹനങ്ങളുമായായിരിക്കും ഏറ്റുമുട്ടേണ്ടിവരിക. ഈ വാഹനത്തിന് 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: MG Hector SUV features and details officially revealed in a new video