ചൈനീസ് കമ്പനിയായ SAIC ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ മോറിസ് ഗരേജസ് (എംജി) മേയ് 15-ന് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഇതിന് മുന്നോടിയായി എംജിയുടെ ആദ്യ മോഡലായ ഹെക്ടര്‍ എസ്.യു.വിയുടെ നിര്‍മാണ വീഡിയോ കമ്പനി പുറത്തുവിട്ടു. ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍നിന്ന് ആദ്യ ഹെക്ടര്‍ യൂണിറ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
ഹെക്ടറിന്റെ നിര്‍മാണത്തിന് പുറമേ ഹലോല്‍ പ്ലാന്റിലെ പ്രത്യേകതകളും അടങ്ങുന്ന വീഡിയോയാണ് എംജി പുറത്തുവിട്ടിള്ളുള്ളത്. നേരത്തെ ഇന്ത്യ വിട്ട ജിഎം മോട്ടോഴ്‌സില്‍നിന്ന് എംജി ഏറ്റെടുത്തതാണ് ഈ നിര്‍മാണ കേന്ദ്രം.
ഇന്റര്‍നെറ്റ് അധിഷ്ഠിത കണക്റ്റിവിറ്റി സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ കാര്‍ എന്ന പ്രത്യേകതയോടെയാണ് ഹെക്ടര്‍ വരുന്നത്. മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ടെക്നോളജി കമ്പനികളുടെ പിന്തുണയോടെ 'ഐ-സ്മാര്‍ട്' സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിക്കുന്നത്. ഹെക്ടറിനകത്തെ 10.4 ഇഞ്ച് ഹെഡ് യൂണിറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെ കാറിന് നിര്‍ദേശങ്ങള്‍ നല്‍കാം. കണക്റ്റിവിറ്റിക്കായി 5 ജി അധിഷ്ഠിതമായ സിം ആയിരിക്കും കാറില്‍.
നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്‌സ് ഹെക്ടറിലുണ്ടാകും. വലിയ പനോരമിക് സണ്‍റൂഫ്, ആന്റി ഗ്ലെയര്‍ ഇന്റീരിയര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്രോമിയം സ്റ്റഡുകള്‍ നല്‍കിയ ഹണി കോംമ്പ് ഗ്രില്‍, വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, എല്‍ഇഡി ഫോഗ് ലാമ്പ്, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ഹെക്ടറിലുണ്ട്. ഏകദേശം 15-20 ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം.
ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ്, ഹ്യുണ്ടായി ടൂസോണ്‍ എന്നിവ മത്സരിക്കുന്ന എസ്.യു.വി ശ്രേണിയിലേക്കാണ് ഹെക്ടറിന്റെ വരവ്. 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 160 പിഎസ് പവര്‍ ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും വാഹനത്തില്‍ നല്‍കുകയെന്നാണ് സൂചനകള്‍. ജൂണ്‍ മുതല്‍ വാഹനത്തിനുള്ള ബുക്കിങ് കമ്പനി ആരംഭിക്കും. രാജ്യത്തെ 50 സിറ്റികളിലായി 65 ഷോറൂമുകള്‍ വഴിയാണ് എംജി ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ നാലു മോഡലുകള്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Content Highlights; MG Hector, Hector SUV, Morris Garages