ശ്രേണിയിലെ വലുപ്പക്കാരന്‍, എംജിയുടെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ പുറത്തിറങ്ങുമ്പോള്‍...


2 min read
Read later
Print
Share

പതിനഞ്ചു മുതല്‍ 20 ലക്ഷം വരെയാണ് ഹെക്ടറിന് വില പ്രതീക്ഷിക്കുന്നത്.

ന്ത്യന്‍ വാഹനരംഗത്ത് പുതിയ വിപ്ലവം ആരംഭിക്കുകയാണ്. ഇ-വാഹനങ്ങളുടെ ഉദയപ്രകാശം പരന്നുതുടങ്ങുന്നു. ഹ്യുണ്ടായിയുടെ 'വെന്യു' ഒരു വഴിമരുന്നിടുകയായിരുന്നു. ഇപ്പോഴിതാ ചൈനീസ് ടച്ചോടുകൂടി ഇംഗ്ലീഷ് രക്തം സിരയിലോടുന്ന മോറിസ് ഗാരേജ് എന്ന എം.ജി. തങ്ങളുടെ എസ്.യു.വി.യുമായി വരികയാണ്. വരുംമുമ്പുതന്നെ വാഹനപ്രേമികള്‍ ഉറ്റുനോക്കിയ 'ഹെക്ടറി'ന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് കഴിഞ്ഞദിവസം മുംബൈയില്‍ നടന്നത്.

ഇതോടെ ഇന്ത്യന്‍ എസ്.യു.വി. വാഹനങ്ങളുടെ ഇടയില്‍ തലയുയര്‍ത്തി നില്‍ക്കാനുള്ള ആകാരസൗഷ്ഠവം ഹെക്ടര്‍ പ്രാപിച്ചുകഴിഞ്ഞു. പൂര്‍ണരൂപംപൂണ്ട ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്നാണ് ഹെക്ടറിന് എം.ജി. നല്‍കിയിരിക്കുന്ന വിശേഷണം. ശ്രേണിയിലെ ഏറ്റവും വലിപ്പമേറിയതാണ് ഹെക്ടര്‍. 4655 മില്ലിമീറ്റര്‍ നീളം, 1855 മില്ലിമീറ്റര്‍ വീതി, 1760 മില്ലിമീറ്റര്‍ ഉയരം, 2750 മില്ലിമീറ്റര്‍ വീല്‍ബേസ്, 192 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് അഴകളവുകള്‍. 547 ലിറ്റര്‍ ബൂട്ട് സ്‌പേസ് എന്ന വിശാലസൗകര്യംകൂടി ഹെക്ടറിന് അവകാശപ്പെടാം.

നാല് വേരിയന്റുകളിലാണ് ഹെക്ടര്‍ വരുന്നത്. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്. എന്‍ജിനുകളുടെ കാര്യത്തിലും മൂന്ന് വകഭേദങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകളാണ് ഹെക്ടര്‍ നല്‍കുന്നത്. പെട്രോളില്‍ മാനുവല്‍ ട്രാന്‍സ്മിഷനാണ്. 1.5 ലിറ്റര്‍ പെട്രോളില്‍ സിക്‌സ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. ഇതിലെ എന്‍ജിന് ചെറിയ വൈദ്യുതമോട്ടോറും ബാറ്ററിയുമുണ്ടാകും. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള വണ്ടിയില്‍ നല്‍കിയിട്ടുണ്ട്. 140 എച്ച്.പി.യാണ് ഈ പെട്രോള്‍ എന്‍ജിന്റെ കരുത്ത്. ശ്രേണിയിലെ ജീപ്പ്് കോംപസിനെക്കാളും കുറവാണിത്. ടോര്‍ക്കിന്റെ കാര്യത്തില്‍ കോംപസിനൊപ്പം നില്‍ക്കും. (250 എന്‍.എം). ഫിയറ്റില്‍നിന്ന് കടമെടുത്ത എന്‍ജിനാണിത്. 14.1 കിലോമീറ്ററാണ് മൈലേജ് പറയുന്നത്.

ഹെക്ടറിന്റെ പ്രാരംഭ മോഡലായ സ്‌റ്റൈലില്‍ത്തന്നെ അവശ്യം വേണ്ടതെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കപ്പ് ഹോള്‍ഡറുള്ള പിന്‍ ആം റെസ്റ്റ്, സ്റ്റോറേജുള്ള ഡ്രൈവര്‍ ആം റെസ്റ്റ്, കൂള്‍ഡ് ഗ്ലൗവ്‌ബോക്‌സ്, പിന്‍ എ.സി. വെന്റുകള്‍, പാര്‍ക്കിങ് സെന്‍സറുകള്‍, നാലു ടയറുകളിലും ഡിസ്‌ക് ബ്രേക്ക്, മിററുകളില്‍ എല്‍.ഇ.ഡി. ഇന്‍ഡിക്കേറ്ററുകള്‍, ഇ.ബി.ഡി., ബ്രേക്ക് അസിസ്റ്റ്, സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ഇതിലുണ്ടാവും. പെട്രോള്‍ മാനുവല്‍ മോഡ് മാത്രമേ സ്‌റ്റൈലുണ്ടാവൂ.

രണ്ടാമത്തെ മോഡലായ സൂപ്പറില്‍ ഇവയ്ക്കുപുറമേ 10.4 ഇഞ്ച് എ.വി.എന്‍. ടച്ച് സ്‌ക്രീന്‍ ഡാഷ്ബോര്‍ഡിലുണ്ടാവും. ക്രൂയിസ് കണ്‍ട്രോള്‍, പിന്‍ക്യാമറകള്‍, എല്‍.ഇ.ഡി. ടെയ്ല്‍ ലാമ്പുകള്‍ എന്നിവ അധികമായുണ്ടാവും. ഇത് എല്ലാ വേരിയന്റുകളിലും ലഭ്യമാണ്. ഇനിയുള്ള സ്മാര്‍ട്ട് വേരിയന്റാണ് എല്ലാംകൊണ്ടും സ്മാര്‍ട്ടാവുന്നത്. ഇതിലാണ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്ന ഇന്‍ബില്‍റ്റ് സിം അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ തുടങ്ങുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ മുഖേന വാഹനത്തിന്റെ നിയന്ത്രണം സാധ്യമാകും. ഏഴ് ഇഞ്ച് മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയും ഇതില്‍ അധികമായി വരുന്നുണ്ട്. സ്റ്റാര്‍ട്ട്, സ്റ്റോപ്പ് ബട്ടണ്‍, കീലെസ് എന്‍ട്രി, ആറുവിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍സീറ്റ്, പവര്‍ മിററുകള്‍, 17 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍ എന്നിവ ഇതിന്റെ ഭാഗമാകുന്നു. ഏറ്റവും ഉയര്‍ന്ന വേരിയന്റായ ഷാര്‍പ്പിലെ ഏറ്റവും വലിയ പ്രത്യേകത പനോരമിക് സണ്‍റൂഫാണ്. ആംബിയന്റ് ലൈറ്റിങ്, 360 ഡിഗ്രി ക്യാമറ, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ആറു വിധത്തില്‍ ക്രമീകരിക്കാവുന്ന മുന്നിലെ പാസഞ്ചര്‍ സീറ്റ് എന്നിങ്ങനെയുള്ള ആഡംബരത്തിനാണ് ഷാര്‍പ്പ് മുന്‍ഗണന നല്‍കുന്നത്.

പതിനഞ്ചു മുതല്‍ 20 ലക്ഷം വരെയാണ് ഹെക്ടറിന് വില പ്രതീക്ഷിക്കുന്നത്. ജൂണ്‍ പകുതിയോടെ ഹെക്ടര്‍ ഷോറൂമുകളിലെത്തും. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

Content HIghlights; MG Hector, Hector SUV, Morris Garages, Hector

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram