ചൈനീസ് വാഹനനിര്‍മാതാക്കളായ എംജി മോട്ടോഴ്സിന്റെ ആദ്യ വാഹനം ഹെക്ടര്‍ നിരത്തിലെത്താനൊരുങ്ങി. കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന ഈ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ മൂടിക്കെട്ടലുകള്‍ ഇല്ലാതെ പരീക്ഷണം ആരംഭിച്ചു.
മുമ്പും പലതവണ ഹെക്ടറിന്റെ പരീക്ഷണയോട്ടങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് മൂടിക്കെട്ടലുകള്‍ ഇല്ലാതെയുള്ള ചിത്രങ്ങള്‍ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ വാഹനത്തിന്റെ ഡിസൈന്‍ സംബന്ധിച്ച വിവരങ്ങളും വ്യക്തമായിട്ടുണ്ട്.
നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുമായാണ് ഹെക്ടര്‍ എത്തുന്നത്. വലിയ പനോരമിക് സണ്‍റൂഫ്, കിഫോബ്, ആന്റി ഗ്ലെയര്‍ ഇന്റീരിയര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് മറ്റ് കോംപാക്ട് എസ്‌യുവികളില്‍ നിന്ന് ഹെക്ടറിനെ വ്യത്യസ്തമാക്കുന്നത്.
ഇന്റീരിയര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെങ്കിലും 10.1 ഇഞ്ച് പോര്‍ട്ടറൈറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ് എന്നിവ ഇന്റീരിയറിലുണ്ടെന്നാണ് സൂചന.
എംജി ഹെക്ടര്‍ ഇന്ത്യയില്‍ ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ്, ഹ്യുണ്ടായി ടൂസോണ്‍ തുടങ്ങിയ വാഹനങ്ങളുമായായിരിക്കും ഏറ്റുമുട്ടേണ്ടിവരിക. ഈ വാഹനത്തിന് 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: MG Hector caught without camo in India