ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സ് ആഡംബര എംപിവി നിരയിലെ വി-ക്ലാസ് 2019 ജനുവരിയില്‍ ഇന്ത്യയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ 2014-ല്‍ പുറത്തിറങ്ങിയ വി-ക്ലാസ് തലമുറയാണ് ഇപ്പോള്‍ നിരത്തിലുള്ളത്. യൂറോപ്പില്‍ നിന്ന് പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വിധമാണ് വി-ക്ലാസിനെ ബെന്‍സ് ഇങ്ങോട്ടെത്തിക്കുക. അതുകൊണ്ടുതന്നെ വിലയും അല്‍പം ഉയര്‍ന്നേക്കും. 75-90 ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം.
വലിയ വലിപ്പത്തിനൊപ്പം യാത്രക്കാര്‍ക്ക് കൂടുതല്‍ ലക്ഷ്വറി സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അകത്തളമാണ് വി-ക്ലാസിന്റെ പ്രധാന സവിശേഷത. ഇലക്ട്രിക് സ്ലൈഡിങ് ഡോര്‍, പനോരമിക് സണ്‍റൂഫ്, തെര്‍മോട്രോണിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, കമാന്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്. സ്റ്റാന്റേര്‍ഡ് വി-ക്ലാസിന് 5170 എംഎം ആണ് നീളം. അല്‍പം കൂടി വലുപ്പക്കാരനായി 5370 എംഎം നീളമുള്ള വേരിയന്റുമുണ്ട്. സ്റ്റാന്റേര്‍ഡായി സിക്സ് സീറ്ററാണ് വി ക്ലാസ്. ലക്ഷ്വറി സ്ലീപ്പര്‍ ഓപ്ഷനും വാഹനത്തിലുണ്ടാകും. പിന്നിലുള്ള സീറ്റ് മടക്കി ബെഡ്ഡാക്കിയും മാറ്റാം. ഈ ഓപ്ഷണ്‍ ഇന്ത്യന്‍ സ്‌പെക്കില്‍ നല്‍കുമോയെന്ന് ഉറപ്പായിട്ടില്ല.
ആഗോള തലത്തില്‍ നാല് എന്‍ജിന്‍ ഓപ്ഷനില്‍ വി ക്ലാസ് വിപണിയിലുണ്ട്. ഇതില്‍ മൂന്നെണ്ണം ഡീസലും ഒന്ന് പെട്രോളുമാണ്. വി ക്ലാസ് V200d പതിപ്പില്‍ 134 ബിഎച്ച്പി പവറും 330 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനും, V220d വകഭേദത്തില്‍ 160 ബിഎച്ച്പി പവറും 380 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനും, V250d പതിപ്പില്‍ 187 ബിഎച്ച്പി പവറും 440 എന്‍എം ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണുള്ളത്. V260 പെട്രോളില്‍ 208 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എന്‍ജിനാണ് കരുത്ത് പകരുക. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ജി ട്രോണിക് പ്ലാസാണ് ട്രാന്‍സ്മിഷന്‍. ഡീസല്‍ കരുത്തില്‍ കുതിക്കുന്ന V250d മോഡലായിരിക്കും കമ്പനി ഇന്ത്യയിലെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights; Mercedes-Benz V-class India launch in January 2019