എക്സിക്യൂട്ടീവ് റിയര്‍ സീറ്റിന് പുറമെ രാത്രിയാത്രയില്‍ അപകടം ഒഴിവാക്കുന്ന നൈറ്റ് വ്യൂ അസിസ്റ്റ് പ്ലസ്, കാറിനുള്ളിലെ വായു ശുദ്ധമാക്കുന്ന എയര്‍ ബാലന്‍സ് പെര്‍ഫ്യൂം പാക്കേജ് തുടങ്ങിയവയും കൊണസേഴ്സ് എഡിഷന്റെ സവിശേഷതകളാണ്. മെഴ്സിഡീസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടരും സി.ഇ.ഒയുമായ റോളണ്ട് ഫോള്‍ജറാണ് കാര്‍ പുറത്തിറക്കിയത്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ വിപണിയിലിറക്കും. ഡീസല്‍ വകഭേദമായ എസ് 350 ഡിയ്ക്ക് 1.21 കോടിയും എസ് 400-ന് 1.32 കോടിയുമാണ് ഏകദേശ വില. പുണെയിലാവും വാഹനം നിര്‍മ്മിക്കുക. വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ്...
1. എക്സിക്യൂട്ടീവ് റിയര്‍സീറ്റ്
ഫ്രണ്ട് പാസഞ്ചര്‍ സീറ്റിന്റെ തൊട്ടുപിന്നിലാണ് കാറിലെ എക്സിക്യൂട്ടീവ് റിയര്‍സീറ്റ്. ക്ലേശരഹിതമായ ദീര്‍ഘദൂര യാത്രയ്ക്ക് ഉതകുംവിധമാണ് സീറ്റിന്റെ രൂപകല്‍പ്പന. ബട്ടണിമര്‍ത്തി സീറ്റിന് രൂപമാറ്റം വരുത്താം. വൈദ്യുതികൊണ്ട് ക്രമീകരിക്കാവുന്ന ഫുട്റെസ്റ്റ് കാല്‍നീട്ടി സുഖകരമായി ഇരിക്കാന്‍ സഹായിക്കുന്നു. ഈ അവസ്ഥയിലും യാത്രക്കാരന്റെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ മെഴ്സിഡീസ് ബെന്‍സ് തയ്യാറായിട്ടില്ല. അപകടമുണ്ടായാല്‍ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ സംവിധാനങ്ങളും കൊണസേഴ്സ് എഡിഷനില്‍ മെഴ്സിഡീസ് ബെന്‍സ് ഒരുക്കിയിട്ടുണ്ട്.
2. നൈറ്റ് വ്യൂ അസിസ്റ്റ് പ്ലസ്
രാത്രി യാത്രകളില്‍ ഇരുട്ടിന്റെ മറവിലൂടെ നടന്നുപോകുന്ന വഴിയാത്രക്കാരെയും മൃഗങ്ങള്‍ അടക്കമുള്ളവയെയും ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തുന്ന സംവിധാനമാണിത്. ഇന്‍ഫ്രാറെഡ് ലാമ്പുകള്‍, ഇന്‍ഫ്രാറെഡ് ക്യാമറ എന്നിവയുടെ സഹായത്തോടെ വഴിയാത്രക്കാരെ കോക്ക്പിറ്റ് ഡിസ്പ്ലെയില്‍ വ്യക്തമായി കാണിക്കുകയാണ് ഈ സംവിധാനം ചെയ്യുന്നത്. വഴിയാത്രക്കാര്‍ക്ക് പുറമെ ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന ട്രാഫിക് സൈനുകള്‍, കുറ്റിക്കാടുകള്‍ എന്നിവയും നൈറ്റ് വ്യൂ അസിസ്റ്റ് പ്ലസ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തും. രാജ്യത്തെ വിപണിയിലിറക്കുന്ന എസ് ക്ലാസില്‍ ആദ്യമായാണ് ഈ സംവിധാനം.
3. സുരക്ഷ സൗകര്യങ്ങള്‍
എട്ട് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇ.എസ്.പി), പ്രീ സേഫ് ഡൈനമിക് കോര്‍ണറിങ് കണ്‍ട്രോള്‍ സംവിധാനം, ഹോള്‍ഡ് ഫങ്ഷനുള്ള അഡാപ്റ്റീവ് ബ്രേക്ക്, അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, 360 ഡിഗ്രീ സറൗണ്ട് വ്യൂ ക്യാമറ, ആക്ടീവ് പാര്‍ക്ക് അസിസ്റ്റ്.
4. എന്‍ജിന്‍
മെഴ്‌സിഡീസ് ബെന്‍സ് എസ് ക്ലാസ് എസ് 400
2996 സി.സി വി സിക്സ് എന്‍ജിന്‍. 5250 - 6000 ആര്‍.പി.എമ്മില്‍ 333 ബി.എച്ച്.പി പരമാവധി കരുത്ത് പകരും. 1600 - 4000 ആര്‍.പി.എമ്മില്‍ 480 എന്‍.എമ്മാണ് പരമാവധി ടോര്‍ക്ക്. 6.1 സെക്കന്‍ഡുകള്‍കൊണ്ട് വാഹനം മണിക്കൂറില്‍ 100 കി.മി വേഗമാര്‍ജിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം.
മെഴ്‌സിഡീസ് ബെന്‍സ് എസ് 350 ഡി
2987 സി.സി വി സിക്സ് എന്‍ജിന്‍. 3600 ആര്‍.പി.എമ്മില്‍ 258 ബി.എച്ച്.പി പരമാവധി കരുത്ത് പകരും. 1600 - 2400 ആര്‍.പി.എമ്മില്‍ 620 എന്‍.എം പരമാവധി ടോര്‍ക്ക് നല്‍കും. 6.8 സെക്കന്‍ഡുകള്‍കൊണ്ട് വാഹനം മണിക്കൂറില്‍ 100 കി.മി വേഗത്തിലെത്തും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം.
കാറിനുള്ളില്‍ ശുദ്ധവായു ഉറപ്പാക്കുന്ന എയര്‍ബാലന്‍സ് പാക്കേജ്, എസ് 350 ഡിയില്‍ 13 സ്പീക്കറുകളും എസ് 400-ല്‍ 24 സ്പീക്കറുകളും ഒരുക്കുന്ന മികച്ച സറൗണ്ട് സൗണ്ട് സിസ്റ്റം, ഹോട്ട് സ്റ്റോണ്‍ മസാജ് എന്നിവയാണ് കൊണസേഴ്സ് എഡിഷന്റെ മറ്റ് സവിശേഷതകള്‍.