ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് എ.എം.ജി. ജിടി റോഡ്സ്റ്റര്‍, എ.എം.ജി. ജിടി-ആര്‍ എന്നീ രണ്ട് മോഡലുകള്‍ കൂടി ഇന്ത്യയില്‍ അവതരിപ്പിച്ചു. 2.19 കോടി രൂപ, 2.23 കോടി രൂപ എന്നിങ്ങനെയാണ് യഥാക്രമം എക്‌സ് ഷോറൂം വില. ഇതോടെ ഇന്ത്യയിലെ എ.എം.ജി. മോഡലുകളുടെ എണ്ണം പന്ത്രണ്ടായി.
റേസ്ട്രാക്കിനെ മുന്നില്‍ക്കണ്ടുകൊണ്ടാണ് ജിടി-ആര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. മുന്നിലേക്ക് ചാഞ്ഞുനില്‍ക്കുന്ന റേഡിയേറ്റര്‍ ഗ്രില്‍, പുതിയ ജെറ്റ് വിങ് ഡിസൈന്‍, 20 ഇഞ്ച് വീലുകള്‍ എന്നിവ ജിടി-ആറിന്റെ ആകര്‍ഷകത്വം. 4.0 ലിറ്റര്‍ വി 8 ബൈടര്‍ബോ എന്‍ജിന്‍ 569 ബിഎച്ച്പി കരുത്തും 699 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.
100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 318 കിലോമീറ്ററാണ് പരമാവധി വേഗം. ജിടി പതിപ്പിലെ പുതിയ മോഡലാണ് ഓപ്പണ്‍ ടോപ്പ് ടു സീറ്റര്‍ റോഡ്സ്റ്റര്‍. 4.0 ലിറ്റര്‍ വി8 ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് കുതിപ്പിന് പിന്നില്‍. 469 ബിഎച്ച്പി പരമാവധി കരുത്തും 630 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സമ്മാനിക്കും. മണിക്കൂറില്‍ 302 കിലോമീറ്ററാണ് ഉയര്‍ന്ന വേഗം. 7 സ്പീഡ് ഡുവല്‍ ക്ലച്ചാണ് ട്രാന്‍സ്മിഷന്‍. മികച്ച ആക്സലറേഷനു വേണ്ടി റിയല്‍ ആക്സിലില്‍ ട്രാന്‍സ്ആക്സില്‍ സംവിധാനമുണ്ട്.