മെഴ്‌സിഡീസ് ബെന്‍സിന്റെ പെര്‍ഫോമെന്‍സ് ബ്രാന്‍ഡായ എ.എം.ജിയുടെ കീഴില്‍ പുതിയ മോഡല്‍ കമ്പനി പുറത്തിറക്കി. മെഴ്‌സിഡീസ് AMG GLC 43 കൂപ്പെ എസ്.യു.വിയാണ് കമ്പനി പുതുതായി അവതരിപ്പിച്ചത്. 74.80 ലക്ഷം രൂപയാണ് പെര്‍ഫോമെന്‍സ് എസ്.യു.വിയുടെ എക്‌സ്‌ഷോറൂം വില. ജര്‍മന്‍ നിര്‍മാതാക്കളായ ബെന്‍സ് ഈ വര്‍ഷം ഇന്ത്യയിലെത്തിക്കുന്ന എട്ടാമത്തെയും AMG ശ്രേണിയിലെ മൂന്നാമത്തെയും മോഡലാണിത്. റഗുലര്‍ GLC ഡിസൈനുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് വാഹനത്തിന്റെ രൂപം.
പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നതാണ് AMG എസ്.യു.വിയുടെ വില ഇത്രയധികം വര്‍ധിക്കാന്‍ കാരണം. 3 ലിറ്റര്‍ ട്വിന്‍ ടര്‍ബോ V6 എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 5000-6000 ആര്‍പിഎമ്മില്‍ 362 ബി.എച്ച്.പി കരുത്തും 2500-4500 ആര്‍പിഎമ്മില്‍ 520 എന്‍.എം ടോര്‍ക്കുമേകും എഞ്ചിന്‍. 9-G ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. 4.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത.
നാലു വീലിലേക്കും ഊര്‍ജമെത്തിച്ചാണ് AMG GLC 43-യുടെ കുതിപ്പ്. എക്കോ, കംഫോര്‍ട്ട്, സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ഇന്‍ഡിവിജ്വല്‍ എന്നീ അഞ്ച് ഡ്രൈവിങ് മോഡില്‍ വാഹനം ലഭ്യമാകും. എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ്, ക്വാഡ് എക്‌സ്‌ഹോസ്റ്റ്, AMG സ്‌പോര്‍ട്ടിലെതിന് സമാനമായ 19 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് പുതിയ AMG-യുടെ പ്രത്യേകതകള്‍. ഓപ്ഷണലായി 21 ഇഞ്ച് ബൈ-ക്രോമിക് അലോയി വീലും ഉള്‍പ്പെടുത്താം. 12 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.