സ്വന്തമായി ഫോര്‍മുല വൺ കാറുകള്‍ റേസ് ട്രാക്കിലിറക്കുന്ന വമ്പന്‍ കാര്‍ കമ്പനികളെല്ലാം നടത്തുന്ന അവകാശവാദമുണ്ട്: റേസ് ട്രാക്കിലോടുന്ന ഫോര്‍മുല വൺ ശേഷിയുള്ള റോഡ് കാര്‍ തങ്ങള്‍ സൃഷ്ടിക്കുമെന്ന്. എന്നാല്‍ ഇവരെല്ലാം റോഡിലോടുന്ന തങ്ങളുടെ നല്ല കാറുകളുടെ സാങ്കേതികവിദ്യകള്‍ റേസ് കാറുകളിലും ഉപയോഗിക്കും എന്നല്ലാതെ നേരെ മറിച്ച് പൊതുവെ സംഭവിക്കാറില്ല.
ഈ പതിവ് മാറ്റുകയാണ് മെഴ്സിഡീസ്-എഎംജി. ഈ വര്‍ഷത്തെ ഫ്രാങ്ക്ഫർട്ട് ഓട്ടോ ഷോയില്‍ അവര്‍ അവതരിപ്പിച്ച പ്രൊജക്ട് വണ്‍ സ്പോര്‍ട്സ് കൂപ്പെ റോഡിലിറക്കി ഓടിക്കാവുന്ന സാദാ സ്പോര്‍ട്സ് കാറിന്റെ പുറംതോലണിഞ്ഞ ഒന്നാംതരം ഫോര്‍മുല വൺ കാര്‍ തന്നെ. ഫ്രാങ്ക്ഫർട്ടിലെത്തിയ കാര്‍പ്രേമികളെ കോരിത്തരിപ്പിച്ച ലൂയിസ് ഹാമില്‍ട്ടന്റെയും വാല്‍ട്ടെരി ബോള്‍ട്‌സിന്റെയുമെല്ലാം പ്രിയപ്പെട്ട റേസ് കാറായ ഡബ്ലിയു 08 ഇക്യൂ പവര്‍+എഫ് വണ്ണിന്റെ പിന്‍ഗാമിയാണ്. ഏകവ്യത്യാസം പ്രൊജക്ട് വണ്‍ ഹൈബ്രിഡ് ആണെന്നതാണ്.
1000 എച്ച്പിയിലേറെ കരുത്തുള്ള കാറിന്റെ പിന്‍ചക്രങ്ങളെ കറക്കുന്നത് 1.6-ലിറ്റര്‍ വി 6 പെട്രോള്‍ എഞ്ചിനാണെങ്കില്‍ ലിഥിയം അയണ്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് മുന്‍ചക്രങ്ങളുടെ തുണ. മെഴ്സിഡീസ്-എഎംജി പെട്രോനാസ് ഫോര്‍മുല വൺ റേസ് കാറിന്റെ എഞ്ചിന്‍ തന്നെ പ്രൊജക്ട് വണ്ണിലും ഉപയോഗിച്ചിരിക്കുന്നത്. പവര്‍ ട്രെയിനും ഫോര്‍മുല വൺ കാറിന്റേതാണെന്ന് എഎംജി പറയുന്നു. കൃത്യമായും റേസ് കാര്‍ അല്ലാത്തതിനാല്‍ എഞ്ചിന്റെ പ്രകടനത്തില്‍ ചില മയപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്: ഫോര്‍മുല വൺ എഞ്ചിന്റെ ഐഡലിങ് സ്പീഡ് 3800 മുതല്‍ 4000 ആര്‍പിഎം ആണെങ്കിലും പ്രൊജക്ട് വണ്ണില്‍ അത് 1100 ആണ് (എന്നാലും ഇന്ന് നിരത്തിലോടുന്ന ഏത് സ്പോര്‍ട്സ് കാറിനേക്കാളും കൂടുതലാണിത്), റേസ് കാറിന് പരമാവധി 13800 വരെയെത്തുമെങ്കിലും റോഡ് കാറില്‍ അത് 11000 ആര്‍പിഎം മാത്രമായിരിക്കും.