മെഴ്‌സിഡീസ് ബെന്‍സ് ഇ ക്ലാസ് ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ AMG E 63 S 4മാറ്റിക്+ ഇന്ത്യയില്‍ പുറത്തിറക്കി. കൂടുതല്‍ അഗ്രസീവ് രൂപത്തിലെത്തിയ ഇ ക്ലാസിന് 1.5 കോടി രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. മേബാക്ക് S650, S ക്ലാസ്, GLS ഗ്രാന്റ് എഡിഷന്‍ എന്നിവയ്ക്ക് പിന്നാലെ ഈ വര്‍ഷം ബെന്‍സ് ഇന്ത്യയിലെത്തിക്കുന്ന നാലാമത്തെ വാഹനമാണിത്. ബിഎംഡബ്ല്യു M5 മോഡലാണ് ഇവിടെ AMG E 63 S 4മാറ്റിക് പ്ലസിന്റെ എതിരാളി.
AMG പെര്‍ഫോമെന്‍സ് 4മാറ്റിക് പ്ലസ് ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റം എല്ലാ വീലിലേക്കും ഒരു പോലെ കരുത്തെത്തിക്കും. മണിക്കൂറില്‍ 240 കിലോമീറ്ററാണ് ഇ ക്ലാസ് AMG സെഡാന്റെ പരമാവധി വേഗത. 4988 എംഎം നീളവും 2065 എംഎം വീതിയും 1463 എംഎം ഉയരവും 2939 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. ആക്ടീവ് ബ്രേക്ക് അസിസ്റ്റ് എബിഎസ്, ഏഴ് എയര്‍ബാഗ്, റഡാര്‍ അടിസ്ഥാനമാക്കിയുള്ള ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, ഓട്ടോണമസ് ബ്രേക്കിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങളും വാഹനത്തിലുണ്ട്.