മാരുതി വാഗണ്‍ആറിന് 20 വയസ്; നിരത്തിലെത്തിയത് 24 ലക്ഷം വാഗണ്‍ആറുകള്‍


2 min read
Read later
Print
Share

1993-ല്‍ ആണ് ആഗോളതലത്തില്‍ സുസുക്കി വാഗണ്‍ആര്‍ അവതരിപ്പിച്ചത്. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം 1999-ല്‍ മാരുതി ഈ വാഹനത്തെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് പരിചയപ്പെടുത്തി.

കുടുംബങ്ങളുടെ വാഹനമെന്ന അംഗീകാരം വളരെ കുറച്ച് വാഹനങ്ങള്‍ക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഒരുപക്ഷെ ഈ പദവി ആദ്യമായി സ്വന്തമാക്കിയ ഇന്ത്യന്‍ വാഹനം മാരുതിയുടെ എവര്‍ഗ്രീന്‍ ഹാച്ച്ബാക്കായ വാഗണ്‍ആര്‍ ആയിരിക്കും. പെട്രോളിലും സിഎന്‍ജിയിലുമെല്ലാം നിരത്തുകളിലെത്തിയ ഈ വാഹനം ഇപ്പോള്‍ 20 വയസിന്റെ നിറവിലാണ്. മൂന്ന് തലമുറകളിലായി 24 ലക്ഷം വാഗണ്‍ആറാണ് നിരത്തില്‍ വന്നുപോയത്.

1993-ല്‍ ആണ് ആഗോളതലത്തില്‍ സുസുക്കി വാഗണ്‍ആര്‍ അവതരിപ്പിച്ചത്. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം 1999-ല്‍ മാരുതി ഈ വാഹനത്തെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് പരിചയപ്പെടുത്തി. വാഹനങ്ങള്‍ വളരെ കുറവായിരുന്ന ഈ കാലഘട്ടത്തില്‍ പോലും വാഗണ്‍ആര്‍ വലിയ തോതില്‍ സ്വീകരിക്കപ്പെട്ടു. പുറത്തിറക്കി അഞ്ച് വര്‍ഷം പിന്നിട്ടതോടെ ഇന്ത്യന്‍ നിരത്തുകളില്‍ വാഗണ്‍ആറിന്റെ എണ്ണം ഒരുലക്ഷം കടന്നു. 2004-ല്‍ ആണ് ഈ നാഴികക്കല്ല് താണ്ടിയത്.

ഇന്ത്യയില്‍ ഉയര്‍ന്ന വില്‍പ്പനയുള്ള ആദ്യ പത്ത് വാഹനങ്ങളില്‍ വര്‍ഷങ്ങളോളമുണ്ടായിരുന്ന പേരാണ് വാഗണ്‍ആര്‍. സാധാരണക്കാര്‍ക്ക് കൈയില്‍ ഒതുങ്ങുന്ന വില, മറ്റ് ഹാച്ച്ബാക്കുകളില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന സീറ്റുകള്‍, മികച്ച വിസിബിലിറ്റി, ചെറുകാറില്‍ നല്‍കാവുന്നതില്‍വെച്ച് മികച്ച സൗകര്യം തുടങ്ങിയ ഘടകങ്ങളാണ് വാഗണ്‍ആറിനെ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവ.

പെട്രോള്‍ കരുത്തില്‍ മാത്രമെത്തിയിരുന്ന വാഗണ്‍ആര്‍ 2006-ല്‍ ഡ്യുവോ എന്ന പേരില്‍ എല്‍പിജി കരുത്തിലുമെത്തി തുടങ്ങി. പലപ്പോഴായി ഡിസൈനില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയിരുന്നെങ്കിലും പുറത്തിറങ്ങി 11 വര്‍ഷങ്ങള്‍ക്കുശേഷം 2010-ല്‍ വാഗണ്‍ആര്‍ ആദ്യ തലമുറ മാറ്റത്തിന് വിധേയമായി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വാഗണ്‍ആറിന്റെ പ്ലാറ്റ്‌ഫോമില്‍ സ്റ്റിങ്‌റേ എന്ന വാഹനം മാരുതി എത്തിച്ചെങ്കില്‍ 2017-ല്‍ ഇത് പിന്‍വലിക്കുകയായിരുന്നു.

വാഗണ്‍ആറിന്റെ 20 ലക്ഷം യൂണിറ്റ് എന്ന ചരിത്ര നേട്ടവും 2017-ലാണ് സ്വന്തമാക്കിയത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ ഡിസൈനും പുതിയ എന്‍ജിന്‍ കരുത്തുമായി മൂന്നാം തലമുറ വാഗണ്‍ആര്‍ വിപണിയിലെത്തി. മാരുതിയുടെ ആദ്യ എല്‍പിജി വാഹനം എന്ന പോലെ ആദ്യ ഇലക്ട്രിക് വാഹനവും വാഗണ്‍ആറിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിട്ടുള്ളത്. ഇത് അടുത്ത വര്‍ഷം നിരത്തുകളിലെത്തും.

1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരുന്നു വാഗണ്‍ആറിന്റെ തുടക്കം. പിന്നീട് 1.0 ലിറ്റര്‍ സിഎന്‍ജി എന്‍ജിനിലും ഈ വാഹനം അവതരിപ്പിച്ച് തുടങ്ങി. മൂന്നാം തലമുറ വാഗണ്‍ആറിന്റെ വരോടെ ഈ വാഹനത്തില്‍ കൂടുതല്‍ കരുത്തേറിയ 1.2 ലിറ്റര്‍ കെ12ബി പെട്രോള്‍ എന്‍ജിനും ഇടംനേടി. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനം ഇന്ന് നിരത്തുകളിലെത്തുന്നുണ്ട്.

Content Highlights: Maruti WagonR Celebrate 20 Anniversary In India

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram