മാരുതിയില്‍ നിന്ന് പുറത്തിറക്കുന്ന എല്ലാ വാഹനങ്ങളെയും വാഹനപ്രേമികള്‍ ഏറ്റെടുക്കാറുണ്ട്. പുതുതായി ഒരു വാഹനം പുറത്തിറക്കുന്നു എന്നറിഞ്ഞാല്‍ അതിനുള്ള കാത്തിരിപ്പും പുതിയ സംഭവമല്ല. ഇത്തരത്തില്‍ ഇന്ത്യയിലെ വാഹനപ്രേമികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന വാഹനമായിരുന്നു മാരുതിയുടെ വാഗണ്‍ ആര്‍ സെവന്‍ സീറ്റര്‍.
ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍ അനുസരിച്ച് ഈ കാത്തിരിപ്പ് വെറുതെ ആകാനാണ് സാധ്യത. എം.പി.വി ശ്രേണിയിലാണ് വാഗണ്‍ ആര്‍ സെവന്‍ സീറ്റര്‍ പുറത്തിറക്കാനിരുന്നത്. എന്നാല്‍, ഈ ശ്രേണിയില്‍ മാരുതിയുടെ എര്‍ട്ടിഗയുണ്ടെന്ന കാരണമാണ് വാഗണ്‍ആറിന്റെ വരവിനെ തടഞ്ഞത്.
2013-ല്‍ ഇൻഡൊനീഷ്യാ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയിലാണ് വാഗണ്‍ ആര്‍ സെവന്‍ സീറ്റര്‍ അവതരിപ്പിച്ചത്. പിന്നീട് ഡാട്ട്‌സണ്‍ ഗോ പ്ലസ്, പുറത്തിറങ്ങാനിരിക്കുന്ന റെനോ ആര്‍ബിസി മോഡലുകളോട് മത്സരിക്കാന്‍ വാഗണ്‍ആര്‍ 2018-ല്‍ ഇന്ത്യയില്‍ എത്തുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.
ഇന്ത്യന്‍ നിരത്തില്‍ ഏറെ ഡിമാന്റുള്ള വാഹനമാണ് വാഗണ്‍ആര്‍ ഹാച്ച്ബാക്ക്. പലപ്പോഴായി മുഖം മിനുക്കി പുറത്തിറക്കിയ ഈ വാഹനം ഇപ്പോള്‍ ഏറെ ജനപ്രീതി സ്വന്തമാക്കിയിട്ടുണ്ട്. 2020-ല്‍ വാഗണ്‍ ആറിന്റെ പുതുക്കിയ പതിപ്പ് പുറത്തെത്തിക്കാനും കമ്പനി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതിന് പുറമെ, മാരുതി-ടൊയോട്ട കൂട്ടുകെട്ടില്‍ വാഗണ്‍ ആറിന്റെ ഇലക്ട്രിക് മോഡല്‍ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇത് പ്രാവര്‍ത്തികമായാല്‍ മാരുതിയില്‍ പുറത്തെത്തിക്കുന്ന ആദ്യ ഇലക്ട്രിക് കാര്‍ എന്ന ഖ്യാതി വാഗണ്‍ ആറിന് സ്വന്തമാകും.
Content Highlights: Maruti WagonR 7-seater MPV India Launch Plan Dropped