അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ എല്ലാ ചെറുകാര്‍ മോഡലുകളുടെയും സി.എന്‍.ജി. പതിപ്പ് പുറത്തിറക്കാന്‍ പദ്ധതിയുമായി മാരുതി സുസുക്കി. രാജ്യത്ത് സി.എന്‍.ജി. സ്റ്റേഷനുകള്‍ വ്യാപകമാക്കുമെന്ന സര്‍ക്കാര്‍തീരുമാനം മുന്‍നിര്‍ത്തിയാണ് നടപടി.
നിലവില്‍ മാരുതിയുടെ ആള്‍ട്ടോ, ആള്‍ട്ടോ കെ 10, വാഗണര്‍, സെലേറിയോ, ഡിസയര്‍ ടൂര്‍ എസ്, ഈകോ തുടങ്ങിയ മോഡലുകളുടെ സി.എന്‍.ജി. പതിപ്പ് വിപണിയിലുണ്ട്.
ചെറു വാണിജ്യവാഹനമായ സൂപ്പര്‍ കാരിയുടെയും സി.എന്‍.ജി. പതിപ്പ് ലഭ്യമാണ്. ഇതിനുപുറമെ എട്ടുമോഡലുകളുടെകൂടി സി.എന്‍.ജി. പതിപ്പുകള്‍ പുറത്തിറക്കാനാണ് പദ്ധതിയെന്ന് കമ്പനി ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ സൂചിപ്പിച്ചു.
നടപ്പുസാമ്പത്തികവര്‍ഷം ആദ്യ നാലുമാസക്കാലത്ത് കമ്പനി 31,000 സി.എന്‍.ജി. വാഹനങ്ങള്‍ നിരത്തിലിറക്കിയിരുന്നു. ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാണ എന്നിവിടങ്ങളിലാണ് നിലവില്‍ സി.എന്‍.ജി. വാഹനങ്ങള്‍ വ്യാപകമായുള്ളത്.
നിലവില്‍ കമ്പനിയില്‍നിന്ന് നേരിട്ട് പുറത്തിറക്കുന്ന സി.എന്‍.ജി. വാഹനങ്ങള്‍ക്ക് വില അല്പം കൂടുതലാണ്. ഫില്ലിങ് സ്റ്റേഷനുകളുടെ കുറവാണ് ഇത്തരം വാഹനങ്ങള്‍ കൂടുതല്‍ വിപണിയിലിറക്കുന്നതിനുള്ള തടസ്സം. പകരം ഇറക്കുമതിചെയ്ത കിറ്റുകളാണ് ഉപയോഗിക്കുന്നത്. ഇത്തരം കിറ്റുകള്‍ ഇവിടെ ഉത്പാദിപ്പിക്കാനും മാരുതി ആലോചിക്കുന്നുണ്ട്. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍പ്പെടുത്തി സി.എന്‍.ജി. വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനംകൂടി വേണമെന്ന് ഭാര്‍ഗവ ആവശ്യപ്പെട്ടു.
പത്തുവര്‍ഷത്തിനകം 10,000 സി.എന്‍.ജി. ഫില്ലിങ് സ്റ്റേഷനുകള്‍ തുടങ്ങുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിരുന്നു. എണ്ണ ഇറക്കുമതിയിനത്തില്‍ ഇതുവഴി രാജ്യത്തിന് വര്‍ഷം രണ്ടുലക്ഷം കോടി രൂപ ലാഭിക്കാനാകുമെന്ന് കണക്കാക്കുന്നു.
Content Highlights: Maruti To Launch Eight CNG Small Cars In India