ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മാരുതി ഡീസല്‍ കാറുകളുടെ നിര്‍മാണം നിര്‍ത്തുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ഡീസല്‍ കാറുകളുടെ വില്‍പന നിര്‍ത്തുമെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ അറിയിച്ചു.
അതേസമയം മാരുതി വില്‍ക്കുന്ന കാറുകളില്‍ 23 ശതമാനവും ഡീസല്‍ വാഹനങ്ങളാണ്. മാരുതി ക്രോസ് ഓവര്‍ മോഡലായ എസ്-ക്രോസ്, കോംപാക്ട് എസ്‌യുവി ബ്രെസ തുടങ്ങിയ വാഹനങ്ങള്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് എത്തുന്നത്. ഇത് തുടരാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല.
മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ബി.എസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത് പ്രമാണിച്ചാണ് തീരുമാനം. എസ് ക്രോസ്, സിയാസ്, വിറ്റാര ബ്രെസ, ഡിസയര്‍, ബെലേനോ, സ്വിഫ്റ്റ് എന്നീ മോഡലുകളാണ് മാരുതി ഡീസല്‍ എന്‍ജിനില്‍ ഇറക്കുന്നത്.
1500 സിസിയില്‍ താഴെ എന്‍ജിന്‍ ശേഷിയുള്ള വാഹനങ്ങള്‍ ബിഎസ്-6 ലേക്ക് മാറുന്നത് പ്രായോഗികമല്ലെന്ന് മുമ്പുതന്നെ കമ്പനി അറിയിച്ചിരുന്നു. നിലവില്‍ പെട്രോള്‍ കാറുകളും ഡീസല്‍ കാറുകളും തമ്മില്‍ ഒരു ലക്ഷം രൂപയുടെ വില വ്യത്യാസമാണുള്ളത്. ബിഎസ്-6 ലേക്ക് മാറുന്നതോടെ ഇത് 2.5 ലക്ഷം രൂപ വരെയാകുമെന്നാണ് വിലയിരുത്തല്‍.
ഫിയറ്റ് വികസിപ്പിച്ച 1.3 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ഡീസല്‍ എന്‍ജിനാണ് മാരുതിയുടെ ചെറുകാറുകളില്‍ നല്‍കുന്നത്. എന്നാല്‍, ഈ എന്‍ജിനുകള്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറ്റുന്നില്ലെന്ന ഫിയറ്റിന്റെ തീരുമാനവും മാരുതി ഡീസല്‍ കാറുകളുടെ ഉത്പാദനം നിര്‍ത്താന്‍ കാരണമാകുന്നുണ്ട്.
അതേസമയം, മാരുതി സ്വന്തമായി 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ വികസിപ്പിച്ചിട്ടുണ്ട്. അടുത്തിടെയാണ് മാരുതിയുടെ സെഡാന്‍ വാഹനമായ സിയാസില്‍ ഈ എന്‍ജിന്‍ നല്‍കിയത്. എംപിവി മോഡലായ എര്‍ട്ടിഗയില്‍ ഈ എന്‍ജിന്‍ നല്‍കുമെന്നും കമ്പനി മുമ്പ് അറിയിച്ചിരുന്നു.
രാജ്യത്തെ വായുമലിനീകരണ തോത് ഗണ്യമായി ഉയര്‍ന്നത് കണക്കിലെടുത്താണ് ബിഎസ്-4 എന്‍ജിനില്‍ നിന്ന് ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറുന്നത്.
ബിഎസ് 6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 16 മോഡലുകള്‍ കമ്പനി 2020 മാര്‍ച്ച് 31 ന് മുമ്പ് നിരത്തിലിറക്കുമെന്നും ഭാര്‍ഗവ അറിയിച്ചു. അടുത്ത വര്‍ഷം ആദ്യത്തോടെ ഇലക്ട്രിക് കാറുകളും അവതരിപ്പിക്കും.
ബിഎസ്-6 മാനദണ്ഡങ്ങള്‍ പാലിച്ച് ഡീസല്‍ എഞ്ചിനില്‍ ലൈറ്റ് കോമ്പാക്ട് വാഹനങ്ങള്‍ ഇറക്കുന്നത് ഭാരിച്ച നിര്‍മാണച്ചെലവായതിനാലാണ് ഡീസല്‍ എഞ്ചിന്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പകരം പെട്രോള്‍, സിഎന്‍ജി എന്‍ജിനുകളില്‍ കാറുകള്‍ ഇറക്കാനാണ് മാരുതിയുടെ പദ്ധതി. 1500 സിസിക്ക് മുകളിലുള്ള ഡീസല്‍ എന്‍ജിനുകള്‍ ഇറക്കുന്നത് പ്രായോഗികമാണോ എന്ന വിലയിരുത്തി മാത്രമേ ഭാവിയില്‍ ഡീസല്‍ എന്‍ജിന്‍ കാറുകള്‍ ഇറക്കണോ എന്ന് ആലോചിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: Maruti Suzuki to Stop Selling Diesel Cars in India From April 2020