മാരുതി ഇപ്പോള്‍ നടത്തുന്നത് പരീക്ഷണങ്ങളാണ്. ഒറ്റയിനം ഇന്ധനത്തിനുപകരം ഹൈബ്രിഡുകളിലേക്കാണ് മാരുതി കണ്ണുവെക്കുന്നത്. അതായിരുന്നു മൈല്‍ഡ് ഹൈബ്രിഡ് എന്ന പേരില്‍ ചെറിയൊരു കരുത്ത് പ്രദാനം ചെയ്ത എര്‍ട്ടിഗ, സിയാസ് എന്നിവ.
അതേ സാങ്കേതികത പ്രീമിയം ഹാച്ച്ബാക്കായ ബലേനോയില്‍ക്കൂടി ഉള്‍പ്പെടുത്തുകയാണിപ്പോള്‍ കമ്പനി. പുതിയ 1.2 ലിറ്റര്‍ ഡ്യൂവല്‍ ജെറ്റ്, ഡ്യൂവല്‍ വി.വി.ടി. (വേരിയബിള്‍ വാല്‍വ് ടൈമിങ്) എന്‍ജിനുമായി ബന്ധപ്പെടുത്തിയാണിത്.
സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്നോളജി ഉപയോഗിക്കുന്ന മാരുതിയുടെ ആദ്യ ഹാച്ച്ബാക്കാണ് ബലേനോ. ഇന്ധനക്ഷമത തന്നെയാണ് ഇതില്‍ പ്രധാന താരം. സ്മാര്‍ട്ട് ഹൈബ്രിഡ് ആവുന്നതോടെ 23.87 കിലോമീറ്റര്‍ ഇന്ധനക്ഷമത ബലേനോയ്ക്കുണ്ടാവുമെന്നാണ് കമ്പനി പറയുന്നത്.
രാജ്യാന്തരനിരയില്‍ സുസുക്കി ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ കെ. 12 സി ഡ്യൂവല്‍ജെറ്റ് ഡ്യൂവല്‍ വി.വി.ടി. യാണ് ബലേനോ ഹൈബ്രിഡിനായി മാരുതി കടമെടുത്തിരിക്കുന്നത്. ഇരട്ട ബാറ്ററി യൂണിറ്റുള്ള എസ്.വി.എച്ച്.എസാണ് ബലേനോയിലെ ഹൈബ്രിഡ് യൂണിറ്റ്. അത്യാവശ്യഘട്ടങ്ങളില്‍ എന്‍ജിനിലേക്ക് ശക്തിപകരുകയാണിത്.
വാഹനം ഓടുമ്പോള്‍ ചാര്‍ജാകുന്ന ബാറ്ററിയില്‍ നിന്ന് നിശ്ചിതവേഗത്തിലെത്തിയാല്‍ തിരിച്ച് കരുത്ത് എന്‍ജിനിലേക്ക് പ്രവഹിക്കും. അങ്ങനെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയും.
ഓവര്‍ടേക്കിങ് സമയത്തും മറ്റും എന്‍ജിന് മേലുള്ള അമിതഭാരം കുറയ്ക്കാന്‍ ടോര്‍ക് അസിസ്റ്റുണ്ട്. ഒപ്പം, ആവശ്യത്തിലേറെ ഇന്ധനം എന്‍ജിന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തുന്നപക്ഷം കാറിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ ഇടപെട്ട് ഇന്ധനക്ഷമത സംരക്ഷിക്കും.
കാര്‍ ഏറെനേരം നിശ്ചലമാകുന്ന സാഹചര്യങ്ങളില്‍ എന്‍ജിന്‍ സ്വയം നിശ്ചലമാകും. അങ്ങനെയും ഇന്ധനം പാഴാകുന്നത് തടയാം. പിന്നീട് വാഹനം സ്റ്റാര്‍ട്ട് ചെയ്യണമെങ്കില്‍ ക്ലച്ച് അമര്‍ത്തിയാല്‍ മതി. ബാറ്ററിയില്‍നിന്ന് കരുത്തെടുത്ത് വാഹനം വീണ്ടും സജ്ജമാകും.
പുതിയ 1.2 ലിറ്റര്‍ കെ. 12 സി ഡ്യൂവല്‍ജെറ്റ് ഡ്യൂവല്‍ വി.വി.ടി. എന്‍ജിന്റെ കരുത്തെന്തെന്ന് മാരുതി വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: Maruti Suzuki Baleno Introduced New Hybrid Technology