മാരുതിക്ക് വീണ്ടും അഭിമാനനേട്ടം. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് മാരുതി അവതരിപ്പിച്ച സ്റ്റൈലന്‍ വാഹനമായ ബലേനൊ അഞ്ച് ലക്ഷം കാറുകള്‍ പുറത്തിറക്കി. 38 മാസത്തിനുള്ളിലാണ് രാജ്യത്തിന്റെ അകത്തും പുറത്തുമായി അഞ്ച് ലക്ഷം വാഹനങ്ങള്‍ നിരത്തിലെത്തിയത്.
ഹ്യുണ്ടായിയുടെ എലൈറ്റ് ഐ20-യുമായി മത്സരിക്കാന്‍ 2015 ഒക്ടോബറിലാണ് മാരുതി ബലേനൊ ഹാച്ച്ബാക്ക് പുറത്തിറങ്ങുന്നത്. മികച്ച കരുത്തിന്റെയും സ്‌പോര്‍ട്ടി ഡിസൈനിന്റെയും വിശാലമായ ഇന്റീരിയറിന്റെയും പിന്‍ബലത്തില്‍ വന്‍ വരവേല്‍പ്പാണ് ബലേനൊയിക്ക് ലഭിച്ചത്.
ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ അഞ്ച് ലക്ഷം എന്ന നാഴികക്കല്ല് താണ്ടുന്ന വാഹനമാണ് ബലേനൊ. 2016 മുതല്‍ ഇന്ത്യയിലെ ടോപ്പ് സെല്ലിങ് കാറുകളുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ള വാഹനവുമാണിത്.
ഇന്ത്യക്ക് പുറമെ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, മറ്റ് എഷ്യന്‍ രാജ്യങ്ങളിലും മാരുതിയുടെ ബലേനോയിക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചിട്ടുള്ളത്. കയറ്റുമതിയിലും പല അംഗീകാരങ്ങളും ബലേനൊ സ്വന്തമാക്കിയിട്ടുണ്ട്.
2019 ജൂണ്‍ മാസത്തോടെ ബലേനൊ വീണ്ടും മുഖം മിനുക്കുമെന്നാണ് പുതിയ വിവരം. ഇത് വില്‍പ്പനയ്ക്ക് വീണ്ടും കരുത്ത് പകരുമെന്നാണ് നിര്‍മാതാക്കളായ മാരുതിയുടെ പ്രതീക്ഷ. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.3 ലിറ്റര്‍ പെട്രോള്‍ എന്‍ജിലുമാണ് ഈ വാഹനം എത്തുന്നത്.
Content Highlights: Maruti Suzuki Baleno Achieves 5 Lakh Sales Milestone In 38 Months