ഇന്ത്യന്‍ നിരത്തിന് നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന വാഹനമാണ് മാരുതിയുടെ ഓമ്നി. 19-ാം നൂറ്റാണ്ടില്‍ വില്ലനായും 20-ാം നൂറ്റാണ്ടില്‍ രക്ഷകനുമായി എത്തിയിരുന്ന ഈ വാഹനം സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നിരത്തൊഴിയുന്നത്.
രൂപമാറ്റം വരുത്താനും മോഡിഫൈ ചെയ്യാനുമുള്ള സാധ്യത കുറഞ്ഞ വാഹനമായാണ് ഓമ്നിയെ വിലയിരുത്തിയിരുന്നത്. എന്നാല്‍, ഇത് തെറ്റിധാരണയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്ന മോഡിഫൈഡ് ഓമ്നിയുടെ ചിത്രങ്ങള്‍.
ഇന്‍ഡി എന്ന ഗ്യാരേജും ഹോളി ഷിഫ്റ്റ് എന്ന സ്ഥാപനവും ചേര്‍ന്നാണ് പഴയ ഓമ്നിയില്‍ ജിപ്സിയുടെ ഏതാനും ഫീച്ചറുകളും നല്കി ഓമ്നിയെ ജിംനിയാക്കിയിരിക്കുന്നത്. മസ്കുലര്‍ ഭാവം കൈവരിച്ച ഈ വാഹനം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ജിപ്സിയുടെ ടയറുകള്‍ നല്കി ഉയരം കൂട്ടിയതിനൊപ്പം മുന്നില്‍ ഓഫ് റോഡ് വാഹനങ്ങളില്‍ നല്കുന്ന ബമ്പറും ക്രാഷ് ഗാഡും നല്‍കിയിട്ടുണ്ട്. ഹെഡ്ലൈറ്റ് എല്‍ഇഡിയാണ്. ഓമ്നി ബാഡ്ജിങ്ങിന്റെ സ്ഥാനത്ത് ജിംനി എന്നാണ് എഴുതിയിട്ടുള്ളത്.
പിന്നിലുമുണ്ട് വലിയ മാറ്റങ്ങള്‍. ഒരു ബൈക്കിനെ താങ്ങി നിര്‍ത്താന്‍ ശേഷിയുള്ള ക്യാരിയറാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. ഇത് കട്ടിയുള്ള ഇരുമ്പ് പൈപ്പും തകിട് പ്ലേറ്റും ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്.
രൂപത്തില്‍ ഓമ്നിയാണെങ്കിലും ഈ വാഹനത്തിന് കരുത്തേകുന്നത് ജിപ്സിയുടെ എന്‍ജിനാണ്. ജിപ്സി ഫോര്‍ വീല്‍ ഡ്രൈവ് വാഹനമാണെങ്കിലും ആ കരുത്ത് പക്ഷെ ഈ വാഹനത്തില്‍ പ്രയോഗികമല്ല. ജിപ്സിയും ഓമ്നിയും ചേര്‍ന്ന് ഒരു വലിയ വാഹനത്തിന്റെ രൂപത്തിലാണ് ഈ ജിംനിയെത്തുന്നത്.
Content Highlights: Maruti Omni Modified As Jimny