മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് (SHVS) പതിപ്പ് പുറത്തിറങ്ങി. ഡെല്‍റ്റ, സീറ്റ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഹൈബ്രിഡ് മോഡല്‍ ലഭ്യമാവുക. യഥാക്രമം 7.25 ലക്ഷം രൂപയും 7.86 ലക്ഷം രൂപയുമാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. രാജ്യത്തെ മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 നിരവാരത്തിലുള്ള എന്‍ജിനാണ് ഹൈബ്രിഡ് ബലേനോയിലുള്ളത്. ബിഎസ് 4 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ മോഡലിനെക്കാള്‍ 90000 രൂപയോളം കൂടുതലാണ് ഹൈബ്രിഡിന്.
ബിഎസ് 6 (ഭാരത് സ്‌റ്റേജ് 6) നിലവാരത്തില്‍ 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ലിഥിയം അയേണ്‍ ബാറ്ററിയിലുള്ള ഹൈബ്രിഡ് പവറില്‍ 23.87 കിലേമീറ്റര്‍ മൈലേജ് ലഭിക്കും. നോണ്‍ ഹൈബ്രിഡ് പെട്രോളില്‍ 21.4 കിലോമീറ്ററാണ് മൈലേജ്. 6000 ആര്‍പിഎമ്മില്‍ 90 ബിഎച്ച്പി പവറും 4400 ആര്‍പിഎമ്മില്‍ 118 എന്‍എം ടോര്‍ക്കുമേകുന്നതാണ് 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിന്‍. അതേസമയം 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമേ ഹൈബ്രിഡ് ബലേനേ ലഭ്യമാവുകയുള്ളു.
എന്‍ജിന്‍ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, എക്‌സ്‌ഹോസ്റ്റ് സംവിധാനം എന്നിവയില്‍ മാറ്റം വരുത്തിയാണ് ബിഎസ് 6 നിലവാരത്തിലേക്ക് ബലേനോയെ കമ്പനി ഉയര്‍ത്തിയത്. സിയാസ്, എര്‍ട്ടിഗ എന്നീ പെട്രോള്‍ ഹൈബ്രിഡിലെ അതേ സംവിധാനങ്ങളാണ് ബലേനോ ഹൈബ്രിഡിലുമുള്ളത്. അനാവശ്യ ഇന്ധന ഉപയോഗം ഒഴിവാക്കി മൈലേജും ഡ്രൈവിങ് പെര്‍ഫോമെന്‍സും വര്‍ധിപ്പിക്കുന്ന സ്മാര്‍ട്ട് ഹൈബ്രിഡിലേക്ക് മാറിയതൊഴിച്ചാല്‍ രൂപത്തില്‍ മാറ്റങ്ങളൊന്നും ബലേനോയ്ക്കില്ല.
Content Highlights; Maruti Baleno Hybrid Launched, Mileage 23.87kmpl