ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ്, കോംപാക്ട് എക്സിക്യൂട്ടീവ് സെഡാനായ സി.എല്‍.എ.യുടെ പരിഷ്‌കരിച്ച പതിപ്പ് വിപണിയിലെത്തിച്ചു. മികച്ച പ്രവര്‍ത്തനക്ഷമതയും വേഗവും ഒരുമിക്കുന്ന ആധുനിക കൂപെ ഡിസൈനില്‍ ഒട്ടനവധി സവിശേഷതകളുമായാണ് പുതിയ മോഡല്‍ എത്തുന്നത്.
ഫ്രണ്ട് ബമ്പറിലും എയര്‍ സ്‌കൂപ്‌സിലും റേഡിയേറ്റര്‍ ഗ്രില്ലിലും മാറ്റം വരുത്തി. പൂര്‍ണാമായും പുതിയതാണ് എല്‍ഇഡി ഹെഡ്‌ലെറ്റ്. വെറ്റ്, റെഡ്, ഗ്രെ, ഡാര്‍ക്ക് ബ്ലു എന്നീ നാലു നിറങ്ങളിലാണ് മുഖം മിനുക്കിയെത്തുന്ന സിഎല്‍എ ലഭ്യമാകുക. ആപ്പിള്‍ കാര്‍പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ സപ്പോര്‍ട്ട് സംവിധാനങ്ങളോടെ പുതിയ എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് വാഹനത്തിലുള്ളത്.
1991 സി.സി. പെട്രോള്‍ എഞ്ചിനിലും 2143 സി.സി. ഡീസല്‍ എഞ്ചിനിലും പുതിയ സി.എല്‍.എ. ലഭ്യമാണ്. പെട്രോള്‍ എഞ്ചിന്‍ 5500 ആര്‍പിഎമ്മില്‍ 181 ബിഎച്ച്പി കരുത്തും 1200-4000 ആര്‍പിഎമ്മില്‍ 300 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ എഞ്ചിന്‍ 3000-4000 ആര്‍പിഎമ്മില്‍ 134 ബിഎച്ച്പി കരുത്തും 1400-3000 ആര്‍പിഎമ്മില്‍ 300 എന്‍എം ടോര്‍ക്കുമാണ് നല്‍കുക.
കഴിഞ്ഞ ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലാണ് പുതുനിര സിഎല്‍എ ആദ്യമായി അവതരിപ്പിച്ചിരുന്നത്. സെവന്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍. സിഎല്‍എ ഡീസല്‍ വേരിയന്റിന് 31.40 ലക്ഷം രൂപയും ഡീസല്‍ സ്‌പോര്‍ട്ടിന് 34.68 ലക്ഷം രൂപയും സി.എല്‍.എ. പെട്രോള്‍ സ്‌പോര്‍ട്ടിന് 33.68 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. ഔഡി എ3, ടൊയോട്ട കാര്‍മി, സ്‌കോഡ സൂപ്പര്‍ബ് എന്നി മോഡലുകളാകും സിഎല്‍എയുടെ മുഖ്യ എതിരാളികള്‍.