സുരക്ഷയില്‍ കേമനായി മാരുതി ഇഗ്നീസ്


2 min read
Read later
Print
Share

യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ ഇഗ്‌നീസ് സ്റ്റാന്റേഡ് വേരിഷന്‍ 3 സ്റ്റാര്‍ റേറ്റിങ് നേടിയപ്പോള്‍ ഓപ്ഷണല്‍ സേഫ്റ്റി വേരിയന്റ്‌ 5 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി

കാണാന്‍ കുറച്ച് ലുക്ക്, അതിനൊപ്പം തരക്കേടില്ലാത്ത ഇന്ധനക്ഷമത! ഇത്രയും മതി ഇന്ത്യക്കാര്‍ക്ക് ഒരു കാര്‍ തിരഞ്ഞെടുക്കാന്‍. സുരക്ഷയെക്കുറിച്ച് ഭൂരിഭാഗം പേര്‍ക്കും യാതൊരു ധാരണയുമില്ല. അതുകൊണ്ടുതന്നെ സുരക്ഷയില്‍ വിദേശ വിപണിയില്‍ കേമന്‍മാരായ പല കമ്പനികളുടെയും മികച്ച മോഡലുകള്‍ ഇന്ത്യയിലെക്കെത്തുമ്പോള്‍ അവയില്‍ ഇപ്പറഞ്ഞ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്താറുമില്ല. എന്നാല്‍ വരും വര്‍ഷങ്ങളില്‍ വാഹന സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം ചെറിയ ശ്രമങ്ങള്‍ നടത്തിത്തുടങ്ങിയതോടെ നിര്‍മാതാക്കള്‍ക്ക് പഴയ പോലെ കാര്യങ്ങള്‍ നിസാരമല്ലെന്ന് മനസ്സിലായെന്നു വേണം കരുതാന്‍.

രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി അടുത്ത വര്‍ഷം പുറത്തിറക്കാനിരിക്കുന്ന ക്രോസ് ഓവര്‍ ഇഗ്നീസ് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ്ങോടെ സുരക്ഷിതത്വം ഉറപ്പാക്കിയിരിക്കുകയാണ്. കമ്പനിയുടെ യൂറോപ്യന്‍ മോഡലാണ് നാഷ്ണല്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം (NCAP) നടത്തിയ ക്രാഷ് ടെസ്റ്റില്‍ മികവ് കാട്ടിയത്. ഇന്ത്യയിലേക്കും വലിയ മാറ്റങ്ങളില്ലാതെ ഈ മോഡലാകും എത്തുകയെന്ന് പ്രതീക്ഷിക്കാം. ക്രാഷ് ടെസ്റ്റില്‍ ഇഗ്‌നീസ് സ്റ്റാന്റേഡ് വേരിഷന്‍ 3 സ്റ്റാര്‍ റേറ്റിങ് നേടിയപ്പോള്‍ ഓപ്ഷണല്‍ സേഫ്റ്റി വേരിയന്റാണ് 5 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയത്.

സൈഡ് ഹെഡ്, ചെസ്റ്റ്, പെല്‍വിസ് എയര്‍ബാഗിനൊപ്പം ഇരു വേരിയന്റുകളിലും രണ്ട് ഫ്രണ്ട് എയര്‍ബാഗുകള്‍ നല്‍കിയിരുന്നു. ബേസിക് പതിപ്പില്‍ ISOFIX സിസ്റ്റത്തിനൊപ്പം സീറ്റ് ബെല്‍റ്റ് റിമൈന്റര്‍, എയര്‍ബാഗ് കട്ട്ഓഫ് സ്വിച്ച് എന്നിവയുണ്ട്. AEB (ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്), റഡാര്‍ അസിസ്റ്റ് ബ്രേക്കിങ്, ലൈന്‍ അസിസ്റ്റ് സിസ്റ്റം, പെടെസ്ട്രിയന്‍ സേഫ്റ്റി സിസ്റ്റം എന്നിവ അടങ്ങിയതാണ് സേഫ്റ്റി വേരിയന്റ്. അടുത്തിടെ മാരുതി പുറത്തിറക്കിയ ബലേനോ ഹാച്ച്ബാക്കിന്റെ പ്ലാറ്റ്ഫോമിലാണ് ഇഗ്‌നീസിന്റെയും വരവ്. ചെറു എസ്.യു.വി നിരയില്‍ ശക്തമായ മത്സരത്തിനെത്തുന്ന വാഹനത്തിന് 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് കരുത്തേകുക. രാജ്യാന്തര വിപണിയില്‍ 1.25 ലിറ്റര്‍ എഞ്ചിനിലാണ് ഇഗ്നീസ് ഓടുക.

കഴിഞ്ഞ ഡല്‍ഹി ഓട്ടോഎക്സ്പോയിലാണ് ഇഗ്നീസ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. വലുപ്പമേറിയ ബോണറ്റിനോട് ഇണങ്ങി നില്‍ക്കുന്ന ഗ്രില്ലും ഹെഡ് ലാമ്പുകളുമാണ് ഇഗ്നീസിന് മസില്‍മാന്‍ ലുക്ക് നല്‍കുന്നത്. നെക്‌സ ഡീലര്‍ഷിപ്പ് വഴി മാരുതി വിറ്റഴിക്കുന്ന മൂന്നാമത്തെ വാഹനമായിരിക്കും ഇത്. നിരത്തില്‍ തരക്കേടില്ലാത്ത വിജയം കൈവരിച്ച റിറ്റ്‌സിനെ പിന്‍വലിച്ച് മാരുതി സുസുക്കി പകരമെത്തിക്കുന്ന മോഡാലണ് ഇഗ്നീസെന്നതും വാഹനത്തിന്റെ താരമൂല്യം വര്‍ധിപ്പിക്കുന്നു. നേരത്തെ ഈ വര്‍ഷം പകുതിയോടെ രാജ്യത്തെത്തുമെന്ന് പ്രതീക്ഷിച്ച ഇഗ്നീസിന്റെ എന്‍ട്രി ദീര്‍ഘമായി നീണ്ടത് കമ്പനിയുടെ ബലേനോ, വിറ്റാര ബ്രെസ കാറുകളുടെ മികച്ച വില്‍പ്പന മൂലമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram