സ്‌പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ (എസ്.യു.വി.) നിരത്തുകള്‍ വാഴുന്ന കാലം. അത്തരം വാഹനങ്ങളില്‍ ആഡംബരത്തിന്റെ സുഖവും ആഢ്യത്വവും കൂടി ചേര്‍ന്നാല്‍ അതിനെ ജി.എല്‍.സി. എന്നു വിളിക്കാം. ജര്‍മന്‍ ആഡംബര കാര്‍ കമ്പനിയായ മെഴ്സിഡസ് ബെന്‍സ്, സി-ക്ലാസ് പ്ലാറ്റ്ഫോമില്‍ പുറത്തിറക്കിയിരിക്കുന്ന എസ്.യു.വി.യാണ് ജി.എല്‍.സി.
ഇന്ത്യ മികച്ച ജി.എല്‍.സി. ക്ക് വളക്കൂറുള്ള മണ്ണാണെന്ന് കണ്ടതോടെ ഇവിടെത്തന്നെ നിര്‍മാണവും തുടങ്ങിയിട്ടുണ്ട്. സി.കെ.ഡി. ആയിട്ടാണ് ഇത് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. അതായത്, വാഹനഘടകങ്ങള്‍ കൊണ്ടുവന്ന് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നു. ഇതോടെ, വിലയില്‍ ഏതാണ്ട് നാല് ലക്ഷം രൂപയുടെ കുറവുണ്ടായി.
കോംപാക്ട് എസ്.യു.വി. വിഭാഗത്തിലുള്ള വാഹനമാണ് ജി.എല്‍.സി. പുറമേനിന്ന് നോക്കിയാല്‍ തന്നെ ചെത്തിമിനുക്കിയ 'മസ്‌കുലിന്‍' സൗന്ദര്യം. മുന്നിലെ ത്രീ-പോയിന്റഡ് സ്റ്റാര്‍ (മെഴ്സിഡസ് ബെന്‍സ് ചിഹ്നം) ജി.എല്‍.സി.യുടെ തലയെടുപ്പ് കൂട്ടുന്നു. ഇതോടൊപ്പം വലിയ ഡൈമന്‍ഷണല്‍ റേഡിയേറ്റര്‍ ഗ്രില്ലും ക്രോമും ഒക്കെ ചേരുമ്പോള്‍ ആര്‍ക്കും അവനെ ഒന്നു നോക്കാതിരിക്കാനാവില്ല.
എല്‍.ഇ.ഡി. ലാമ്പുകള്‍, വശങ്ങളിലെ ക്യാരക്ടര്‍ ലൈനുകള്‍, 18 ഇഞ്ച് ഫൈവ്-സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവയും ജി.എല്‍.സി.യുടെ മാറ്റുകൂട്ടുന്നു. പിന്‍വശത്ത് എല്‍.ഇ.ഡി. ടെയില്‍ ലാമ്പകുള്‍, ബോഡിലൈനുകള്‍ എന്നിവ സൗന്ദര്യം ഉയര്‍ത്തുന്നു. ഇനി ഉള്‍വശത്തേക്ക് കയറിയാല്‍ ആരും കൊതിക്കുന്ന കാബിനും ആര്‍ട്ടിക്കോ ലെതര്‍ സീറ്റുകളും മറ്റും. സി-ക്ലാസ്സിനോട് സാമ്യമുള്ളതാണ് പല ഫീച്ചറുകളും.
പനോരമിക് സ്ലൈഡിങ് സണ്‍ റൂഫ്, 7-ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍, പാര്‍ക്കിങ് സെന്‍സര്‍, 360-ഡിഗ്രി വ്യു, നാവിഗേഷന്‍, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍ എന്നിവ പ്രത്യേകതകളാണ്. സ്റ്റിയറിങ്ങും ഓടിക്കുന്നവരുടെ സൗകര്യത്തിനൊത്ത് അഡ്ജസ്റ്റ് ചെയ്യാം. രണ്ട് നിരയിലെ സീറ്റുകള്‍ക്കും ആവശ്യത്തിന് ലെഗ് സ്‌പേസുണ്ട്. 550 ലിറ്റര്‍ ബൂട്ട് സ്‌പേസാണ് എടുത്തുപറയേണ്ട മറ്റു പ്ലസ് പോയിന്റ്.
പിന്‍വശത്തെ സീറ്റുകള്‍ മടക്കിയിട്ടാല്‍ സ്റ്റോറേജ് ശേഷി 1,600 ലിറ്ററായി ഉയര്‍ത്താം. വിവിധ ഭാഗങ്ങളിലെ എയര്‍ ബാഗുകള്‍ ഉള്‍പ്പെടെ ശക്തമായ സുരക്ഷാ ഫീച്ചറുകള്‍ ജി.എല്‍.സി.യിലുണ്ട്. 2143 സി.സി. ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ 170 ബി.എച്ച്.പി. കരുത്ത് പ്രദാനം ചെയ്യുന്നു. പരമാവധി 400 എന്‍.എം ടോര്‍ക്കാണ് വാഹനം നല്‍കുക. 9ജി-ട്രോണിക്സ് ഓട്ടോമാറ്റിക് ഗിയര്‍ ട്രാന്‍സ്മിഷനാണ് 'ജി.എല്‍.സി. 220ഡി' യില്‍.
കംഫര്‍ട്ട്, ഇക്കോ, സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ഇന്‍ഡിവിജ്വല്‍ എന്നിങ്ങനെ വ്യത്യസ്ത ഡ്രൈവിങ് മോഡുകള്‍ തിരഞ്ഞെടുക്കാം. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.3 സെക്കന്‍ഡുകള്‍. 210 കിലോമീറ്ററാണ് പരമാവധി വേഗം. ജി.എല്‍.സി. 220ഡി-യുടെ കൊച്ചിയിലെ എക്സ് ഷോറൂം വില 52.54 ലക്ഷം രൂപ.