സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ഒരുങ്ങുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ഹൈബ്രിഡ്, ഇലക്ട്രിക് കാറുകള്‍ രാജ്യത്ത് പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. ജര്‍മന്‍ ആഡംബര നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ്, ഔഡി, ബിഎംഡബ്യു എന്നീ കമ്പനികളോട് മികച്ച മത്സരത്തിനാണ് വോള്‍വോ ഒരുങ്ങുന്നത്.
ഹൈബ്രിഡ്, ഇലക്ട്രിക് കാറുകള്‍ നിരത്തിലെത്തിക്കുന്നതു വഴി 2020-ഓടെ രാജ്യത്തെ വിപണി വിഹിതം ഇരട്ടിയാക്കി 10 ശതമാനത്തിലെത്തിക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യയിലെ ആദ്യത്തെ പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറായ XC 90 കഴിഞ്ഞ മാസം വോള്‍വോ നിരത്തിലെത്തിച്ചിരുന്നു, നിലവില്‍ 50-ലേറെ ബുക്കിങ്ങുകളാണ് ഈ ആഡംബര പ്ലഗ് ഇന്‍ ഹൈബ്രിഡ് സ്വന്തമാക്കിയത്.
ഇന്ത്യയിലെ ലക്ഷ്വറി രാജാക്കന്മാരിൽ ഹൈബ്രിഡ് പതിപ്പുമായെത്തുന്ന ആദ്യ കമ്പനിയെന്ന ഖ്യാതിയും വോള്‍വോ ഇന്ത്യയ്ക്കുണ്ട്. 2017-ല്‍ എസ് 90 മോഡലിന്റെ പ്ലഗ് ഇന്‍ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കാനും വോള്‍വോയ്ക്ക് പദ്ധതിയുണ്ട്. എന്‍ട്രി ലെവല്‍ മുതല്‍ ടോപ് ലൈന്‍ വേരിയന്റ് മോഡലുകളില്‍ വരെ ഹൈബ്രിഡ്, ഇലക്ട്രിക് സൗകര്യത്തില്‍ പുറത്തിറങ്ങും. നാല് വര്‍ഷത്തിനുള്ളില്‍ 4-5 ഹൈബ്രിഡ് കാറുകള്‍ രാജ്യത്തെത്താനാണ് സാധ്യത.