പരിസ്ഥിതി മലിനീകരണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ചെലവ് കുറഞ്ഞ എക്കോ-ഫ്രണ്ട്‌ലി ഹൈബ്രിഡ് കാറുകള്‍ നിര്‍മിക്കാന്‍ മാരുതി സുസുക്കിയും മാതൃകമ്പനിയായ സുസുക്കി മോട്ടോഴ്‌സും തയ്യാറെടുക്കുന്നു. പെട്രോള്‍/ഡീസല്‍ എഞ്ചിനൊപ്പം ഇലക്ട്രിക് മോട്ടര്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പുതരുമെന്നതാണ് ഹൈബ്രിഡ് ടെക്‌നോളജിയുടെ പ്രധാന മേന്മ.
മാറുന്ന വിപണി സാഹചര്യത്തില്‍ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളെന്ന സ്ഥാനത്തിന് കോട്ടം തട്ടാതിരിക്കാനാണ് കമ്പനിയുടെ പുതിയ പദ്ധതി. നിലവില്‍ ഇന്ത്യന്‍ വാഹന വിപണിയിലെ പകുതി വിഹിതവും കൈയ്യടക്കിയിരിക്കുന്നത് മാരുതി സുസുക്കിയാണ്.
ആഗോള വിപണിയില്‍ പല കമ്പനികളും ഹൈബ്രിഡ് കാര്‍ വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം വലിയ ബഡ്ജറ്റിലുള്ളവയാണ്, അതിനാല്‍തന്നെ ചെലവ് കുറഞ്ഞ ഹൈബ്രിഡ് കാറുകള്‍ക്ക് രാജ്യത്ത് വലിയ വിപണി സാധ്യതയുണ്ടെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ പറഞ്ഞു.
എന്നാല്‍ പദ്ധതി എപ്പോള്‍ പൂര്‍ത്തിയാക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. മില്‍ഡ് ഹൈബ്രിഡ് ശ്രേണിയില്‍ എര്‍ട്ടിഗ MPV, പ്രീമിയം സെഡാന്‍ സിയാസ് എന്നീ രണ്ടു മോഡലുകള്‍ നേരത്തെ മാരുതി സുസുക്കി രാജ്യത്ത് അവതരിപ്പിച്ചിരുന്നു.
2020-ഓടെ രാജ്യത്ത് ഓരോ വര്‍ഷവും 20 ലക്ഷം യൂണിറ്റ് വാഹനങ്ങല്‍ വിറ്റഴിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ വില്‍പ്പന 16 ലക്ഷത്തിലെത്തിക്കാനുമാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.