ഇവനാണ് ഫോര്‍ച്യൂണറിന്റെ എതിരാളി 'മഹീന്ദ്ര Y 400'


2 min read
Read later
Print
Share

മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ എക്‌സ്.യു.വി 500-നും മുകളിലായാണ് 7 സീറ്ററിലെത്തുന്ന ഇവന്റെ സ്ഥാനം.

സാങ്‌യോങ് LIV-2 കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തില്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണി കൈപ്പിടിയിലൊതുക്കാന്‍ മഹീന്ദ്ര പുതിയൊരു മോഡല്‍ പുറത്തിറക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ട് നാളുകുറച്ചായി. ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് Y 400 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന എസ്.യു.വിയുടെ രൂപരേഖ പുറത്തുവിട്ടിരിക്കുയാണിപ്പോള്‍ മഹീന്ദ്ര. കിടുകിടിലന്‍ എസ്.യു.വി, ഒറ്റ നോട്ടത്തില്‍ Y 400-നെ ഇങ്ങനെ വിശേഷിപ്പിക്കാം. ടൊയോട്ട ഫോര്‍ച്യൂണറിനും ഫോര്‍ഡ് എന്‍ഡവറിനും ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് പുതിയ മോഡല്‍ നിരത്തിലെത്തുക. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ XUV 500-നും മുകളിലായാണ് 7 സീറ്ററിലെത്തുന്ന ഇവന്റെ സ്ഥാനം.

അടുത്ത മാസം ദക്ഷിണ കൊറിയയില്‍ നടക്കുന്ന 2017 സോള്‍ മോട്ടോര്‍ ഷോയില്‍ ആരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന പുതിയ എസ്.യു.വിയുടെ എക്സ്റ്റീരിയര്‍ ഇന്റീരിയര്‍ രൂപരേഖ ചിത്രങ്ങള്‍ പുറത്തുവിട്ടവയില്‍ ഉള്‍പ്പെടും. നേരത്തെ വിപണിയിലുള്ള സാങ് യോങ് റെക്സ്റ്റണിന്റെ രണ്ടാം തലമുറ വാഹനമാണിത്. സാങ് യോങ് റെക്സ്റ്റണിന്റെ ഒന്നാം തലമുറ ഇന്ത്യന്‍ നിരത്തില്‍ വലിയ പരാജയമായതിനാല്‍ രാജ്യാന്തര വിപണിയില്‍ രണ്ടാം തലമുറ റെക്സ്റ്റണായി അവതരിക്കുന്ന കാര്‍ ഇവിടെ മഹീന്ദ്ര ലേബലില്‍ തന്നെ വിപണിയിലെത്താനാണ് സാധ്യത. മസില്‍മാന്‍ ലുക്ക് നല്‍കുന്ന എക്സ്റ്റീരിയര്‍ മാത്രം മതി വാഹനത്തിന്റെ കരുത്തറിയാന്‍.

പെട്രോള്‍-ഡീസല്‍ വകഭേദങ്ങളില്‍ വാഹനം ലഭ്യമാകുമെങ്കിലും എഞ്ചിന്‍ ശേഷി സംബന്ധിച്ച ക്യത്യമായ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. 225 ബി.എച്ച്.പി കരുത്തും 349 എന്‍.എം ടോര്‍ക്കുമേകുന്ന 2.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും, 184 ബി.എച്ച്.പി കരുത്തും 420 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനും വാഹനത്തില്‍ ഉള്‍പ്പടുത്താനാണ് സാധ്യത. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ Y 400 ലഭ്യമാകും. ഈ വര്‍ഷം അവസാനത്തോടെ വാഹനം ഇന്ത്യയിലെത്താനാണ് സാധ്യത. ഏകദേശം 20-28 ലക്ഷത്തിനുള്ളിലായിരിക്കും ബേസ് വേരിയന്റിന്റെ വിപണി വില.

ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മൂഡ് ലൈറ്റിങ്, പിന്‍ സീറ്റ് യാത്രികര്‍ക്കായി 10.1 ഇഞ്ച് ഡിസ്‌പ്ലേ എന്നിവ വാഹനത്തിലുണ്ടാകും. 9 എയര്‍ബാഗ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, എ.ബി.എസ്, ഇ.ബി.ഡി, ഇലക്ട്രേണിക് സ്‌റ്റെബിലിറ്റി പ്രൊട്ടക്ഷന്‍, ആക്ടീവ് റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് സിസ്റ്റം എന്നിവ സുരക്ഷയ്ക്കായി വാഹനത്തില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ഇന്ത്യയിലേക്കെത്തുന്ന മോഡലില്‍ ഇവയില്‍ പലതും ഉള്‍പ്പെട്ടെക്കില്ല, രൂപത്തിലും ചെറിയ മാറ്റങ്ങളുണ്ടാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram