അതിശയിപ്പിക്കുന്ന വിലയില്‍ മഹീന്ദ്രയുടെ കോംപാക്ട് എസ്‌യുവി മോഡലായ എക്‌സ്‌യുവി-300 എത്തിയതിന്റെ ത്രില്ലിലാണ് വാഹനലോകം. ഇതിനൊപ്പം തന്നെ എക്‌സ്‌യുവി 300-ന്റെ ഇലക്ട്രിക് വാഹനം അടുത്ത വര്‍ഷം തന്നെ നിരത്തിലെത്തിക്കുമെന്ന പ്രഖ്യാപനം ഇരട്ടിമധുരമായിരിക്കുകയാണ്.
2020-ന്റെ രണ്ടാം പദത്തില്‍ ഈ വാഹനം നിരത്തിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്പനിയെന്നാണ് വിവരം. ഇലക്ട്രിക് കരുത്തിലുള്ള എക്‌സ്‌യുവി-300-ന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്.
എസ്-210 എന്ന കോഡ് നമ്പറാണ് മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവിക്ക് നല്‍കിയിരിക്കുന്നത്. മഹീന്ദ്ര കുടുംബത്തില്‍ നിന്ന് പുറത്തിറങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ രണ്ടാം തലമുറയാണ് എക്‌സ്‌യുവി-300. മുമ്പ് മഹീന്ദ്ര ഇ-വെറിറ്റോ അവതരിപ്പിച്ചിരുന്നു.
വിവിധ തലങ്ങളിലുള്ള ഉപയോക്താക്കള്‍ക്കായി രണ്ട് തരത്തിലുള്ള ബാറ്ററി പാക്കുകളിലായിരിക്കും ഈ എസ്‌യുവി നിരത്തിലെത്തുകയെന്നാണ് വിവരം. കുടുതല്‍ കരുത്തുള്ള ബാറ്ററിയും ഉയര്‍ന്ന കിലോമീറ്ററുമായിരിക്കും ഈ വാഹനത്തിന്റെ മുഖമുദ്രയെന്നും മഹീന്ദ്ര അവകാശപ്പെടുന്നു.
ഒറ്റത്തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ 250 കിലോമീറ്റര്‍ പിന്നിടാനുള്ള ശേഷി ഈ വാഹനത്തില്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരമാവധി വേഗത 150 കിലോമീറ്ററുള്ള ഈ എസ്‌യുവി 11 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് സൂചന.
Content Highlights: Mahindra S210 Electric SUV Launch Confirmed In H2, 2020