ഫോര്‍ച്യൂണറിനെ നേരിടാന്‍ പുതിയ റെക്‌സ്റ്റണ്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍


2 min read
Read later
Print
Share

സാങ്‌യോങ് റെക്സ്റ്റണിന്റെ ഒന്നാം തലമുറയ്ക്ക്‌ ഇന്ത്യന്‍ നിരത്തില്‍ വേണ്ടത്ര സ്വാധീനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ രണ്ടാം തലമുറ റെക്സ്റ്റണ്‍ ഇവിടെ മഹീന്ദ്ര ലേബലില്‍ തന്നെ വിപണിയിലെത്തിയേക്കും.

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ ശക്തരായ ടൊയോട്ട ഫോര്‍ച്യൂണറിനെ നേരിടാന്‍ പുതുതലമുറ സാങ്‌യോങ് റെക്‌സറ്റണ്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും. അടുത്ത ദീപാവലി ഉത്സവ സീസണോടനുബന്ധിച്ചാകും റെക്‌സ്റ്റണിന്റെ അരങ്ങേറ്റം. നടന്നുകൊണ്ടിരിക്കുന്ന 2017 ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയില്‍ മഹീന്ദ്ര ഗ്ലോബല്‍ ഡെവലപ്പ്‌മെന്റ് പ്രസിഡന്റ് രാജന്‍ വദേരയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയിത്. സാങ്‌യോങ് റെക്സ്റ്റണിന്റെ ഒന്നാം തലമുറയ്ക്ക്‌ ഇന്ത്യന്‍ നിരത്തില്‍ വേണ്ടത്ര സ്വാധീനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ രണ്ടാം തലമുറ റെക്സ്റ്റണ്‍ ഇവിടെ മഹീന്ദ്ര ലേബലില്‍ തന്നെ വിപണിയിലെത്തിയേക്കും.

ഉയര്‍ന്ന നികുതി ഭാരം കുറയ്ക്കാന്‍ റെക്സ്റ്റണ്‍ ഇന്ത്യയില്‍ പ്രാദേശികമായി അസംബ്ലിള്‍ ചെയ്താണ് വിപണിയിലെത്തുക. LIV-2 കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തില്‍ രൂപകല്‍പ്പന ചെയ്ത വാഹനത്തിന് G4 റെക്സ്റ്റണ്‍ (Great 4 Revolution) എന്നാണ് കമ്പനി നല്‍കിയ മുഴുവന്‍ പേര്. ഫോര്‍ച്യൂണറിന് പുറമേ ഫോര്‍ഡ് എന്‍ഡവറിനും ശക്തനായ എതിരാളിയാകാന്‍ റെക്‌സറ്റണിന് സാധിക്കും. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ XUV 500-നും മുകളിലാണ് പുതിയ റെക്സ്റ്റണിന്റെ സ്ഥാനം. പരമാവധി 25-30 ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം. പുതുക്കിപ്പണിത ബംമ്പര്‍, ഹെഡ്ലാംമ്പ്, ബ്ലാക്ക് ബോഡി ക്ലാഡിങ് എന്നിവയാണ് മുന്‍ ഭാഗത്തെ പ്രധാന മാറ്റം. മസില്‍മാന്‍ ലുക്ക് നല്‍കുന്ന എക്സ്റ്റീരിയര്‍ മാത്രം മതി വാഹനത്തിന്റെ കരുത്തറിയാന്‍.

നിലവിലുള്ള മോഡലിനെക്കാള്‍ 50 കിലോഗ്രാം ഭാരം കുറവായിരിക്കും ഇതിന്, ഇതുവഴി കൂടുതല്‍ ഇന്ധനക്ഷമതയും ഉറപ്പിക്കാം. ഇക്കഴിഞ്ഞ സോള്‍ മോട്ടോര്‍ ഷോയിലാണ് G 4 റെക്‌സറ്റണ്‍ ആദ്യമായി അവതരിപ്പിച്ചത്‌. ഇന്ത്യന്‍ സ്‌പെക്കിന്റെ എഞ്ചിന്‍ ശേഷി സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഗ്ലോബല്‍ സ്‌പെക്കിലെ 184 ബി.എച്ച്.പി കരുത്തും 420 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ അതേപടി തുടരാനാണ് സാധ്യത കൂടുതല്‍.

പുതിയ റെക്സ്റ്റണ്‍ ഇങ്ങോട്ടെത്തുമ്പോള്‍ മഹീന്ദ്രയുടെ തനത് മുഖച്ഛായ നല്‍കാന്‍ മുന്‍ ഭാഗത്തെ ഗ്രില്ലില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മൂഡ് ലൈറ്റിങ്, പിന്‍ സീറ്റ് യാത്രികര്‍ക്കായി 10.1 ഇഞ്ച് ഡിസ്‌പ്ലേ, 9 എയര്‍ബാഗ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, എ.ബി.എസ്, ഇ.ബി.ഡി, ഇലക്ട്രേണിക് സ്റ്റെബിലിറ്റി പ്രൊട്ടക്ഷന്‍, ആക്ടീവ് റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് സിസ്റ്റം എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുത്തും. 4.85 മീറ്റര്‍ നീളവും 1.96 മീറ്റര്‍ വീതിയും 1.8 മീറ്റര്‍ ഉയരവുമുള്ള സീറ്റുകളില്‍ മാസാജിങ് ഫങ്ഷനും നല്‍കിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram