ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സ് മെയ്ഡ് ഇന്‍ ഇന്ത്യ GLC എസ്.യു.വി അമേരിക്കയിലേക്ക് കയറ്റി അയക്കുന്നു. കമ്പനിയുടെ പുണെ ചാകനിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് കയറ്റി അയക്കുന്ന GLC അടുത്ത മാസത്തോടെ അമേരിക്കന്‍ തീരത്തെത്തുമെന്നാണ് സൂചന. നിലവില്‍ അമേരിക്കന്‍ വിപണിയില്‍ മികച്ച വില്‍പനയുള്ള ബെന്‍സ് മോഡലുകളിലൊന്നാണ് GLC എസ്‌യുവി. നേരത്തെ ജര്‍മനയിലെ ബ്രിമെന്‍ പ്ലാന്റില്‍ നിന്നാണ് GLC അമേരിക്കയിലെത്തിച്ചിരുന്നത്.
ട്രംപ് ഭരണകൂടം ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഘട്ടത്തിലാണ് ഇന്ത്യയില്‍ നിന്ന് കാറുകള്‍ അമേരിക്കയിലെത്തുന്നതെന്ന പ്രധാന്യവും ഇതിനുണ്ട്. നോര്‍ത്ത് അമേരിക്കയിലെ അലബാമയില്‍ ബെന്‍സിന് നിര്‍മാണ കേന്ദ്രമുണ്ടെങ്കിലും GLC അവിടെനിന്നും പുറത്തിറക്കാന്‍ കമ്പനിക്ക് പദ്ധതിയില്ലെന്നാണ് റിപ്പോര്‍ട്ട്.
2009-ലാണ് ബെന്‍സ് പുണെയിലെ നിര്‍മാണ കേന്ദ്രത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ നിന്നും വര്‍ഷംതോറും 20,000 യൂണിറ്റ് വാഹനങ്ങള്‍ പുറത്തിറക്കാന്‍ സാധിക്കും. രാജ്യത്തെ ആഡംബര വാഹന നിര്‍മാണത്തില്‍ ഏറ്റവും കൂടുതല്‍ കപ്പാസിറ്റിയുള്ളതും ഈ കേന്ദ്രത്തിലാണ്. നിലവില്‍ ബെന്‍സ് നിരയിലെ ഒമ്പത് മോഡലുകള്‍ ഇവിടെ അസംബ്ലിള്‍ ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മിച്ച എക്കോസ്‌പോര്‍ട്ട് എസ്‌യുവി മോഡല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഫോര്‍ഡും അമേരിക്കയിലേക്ക് കയറ്റി അയക്കുന്നുണ്ട്.
Content Highlights; Made in India Mercedes-Benz GLC SUV to be exported to US