ഇവനാണ് കിയയുടെ പുതിയ കോംപാക്ട് എസ്.യു.വി - സ്റ്റോണിക്


ഹ്യുണ്ടായി കോന എസ്.യു.വിയുമായി വലിയ സാമ്യവും ഇവനുണ്ട്.

കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ കോംപാക്ട് എസ്.യു.വിയാണ് സ്റ്റോണിക്. ആഗോള വിപണിയില്‍ നിസാന്‍ ജൂക്കിന് എതിരാളിയായി എത്തുന്ന സ്‌റ്റോണിക്കിന്റെ ചിത്രങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. സെപ്തംബറില്‍ നടക്കുന്ന ഫ്രങ്ക്ഫര്‍ട്ട് ഓട്ടോഷോയിലാണ് സ്‌റ്റോണിക്ക് അരങ്ങേറ്റം കുറിക്കുക. പതിവ് കിയ മോഡലുകളില്‍ നിന്ന് അല്‍പം വേറിട്ട രൂപത്തിലാണ് സ്റ്റോണിക്ക് പിറവിയെടുത്തത്. കിയ നിരയില്‍ ഏറ്റവും ചെറിയ എസ്.യു.വി എന്ന പരിവേഷവും സ്റ്റോണിക്കിനുണ്ട്. അരങ്ങേറ്റത്തിന് ശേഷം ഈ വര്‍ഷം ആവസാനത്തോടെയാണ് വാണിജ്യാടിസ്ഥാനത്തില്‍ കിയ സ്‌റ്റോണിക്ക് വിപണിയിലെത്തുക.

ഹ്യുണ്ടായിയുടെ സഹോദര ബ്രാന്‍ഡായ കിയ ആഴ്ചകള്‍ക്ക് മുമ്പാണ് ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. അതിനാല്‍ ആഗോള പ്രവേശനത്തിന് ശേഷം ഭാവിയില്‍ സ്റ്റോണിക്ക് ഇന്ത്യയിലെത്താനും സാധ്യതയുണ്ട്. കിയ റിയോ ഹാച്ച്ബാക്കിന്റ സ്‌റ്റൈലിലാണ് വാഹനത്തിന്റെ നിര്‍മാണം. ഹ്യുണ്ടായി കോന എസ്.യു.വിയുമായി വലിയ സാമ്യവും ഇവനുണ്ട്. 1 ലിറ്റര്‍ ത്രീ സിലിണ്ടര്‍, 1.25 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍, 1.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍, 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്നീ എഞ്ചിന്‍ ഓപ്ഷനിലാണ് സ്റ്റോണിക്ക് ലഭ്യമാകുക. വില സംബന്ധിച്ച കാര്യങ്ങളില്‍ യാതൊരു സൂചനയും ഇതുവരെ കമ്പനി നല്‍കിയിട്ടില്ല.

മസ്‌കുലാര്‍ ബോണറ്റ്, ടൈഗര്‍ നോസ് ഗ്രില്‍, വീല്‍ ആര്‍ക്ക് എന്നിവ വലിയ എസ്.യു.വി ലുക്ക് സ്റ്റോണിക്കിന് നല്‍കും. ലൈന്‍ ഡിപ്പാര്‍ച്വര്‍ വാര്‍ണിംങ്, ബ്ലൈന്റ് സ്‌പോര്‍ട്ട് ഡിറ്റെക്ഷന്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, ഫോര്‍വേര്‍ഡ് കൊളിഷന്‍ അലേര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റത്തില്‍ ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുണ്ട്. ഡബിള്‍ ടോണ്‍ നിറത്തില്‍ ആകെ 20 കളര്‍ ഓപ്ഷനുകളില്‍ ഏതു സ്റ്റോണിക്ക് പതിപ്പ് വേണമെങ്കിലും തിരഞ്ഞെടുക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram