കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഇന്ത്യയിലെത്തിക്കുന്ന ആദ്യ മോഡല്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച എസ്പി എസ്.യു.വി കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലുള്ള സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലായിരിക്കും ഇത്. ഇന്ത്യന്‍ നിരത്തില്‍ ഇതിന്റെ പരീക്ഷണ ഓട്ടങ്ങള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്.
ഹ്യുണ്ടായിക്കു ശേഷം ഇന്ത്യയിലേക്കു വരുന്ന രണ്ടാമത്തെ കൊറിയന്‍ കമ്പനിയാണ് കിയ മോട്ടോഴ്‌സ്. ഇരുവരും തമ്മില്‍ സഹോദര സ്നേഹമുണ്ട്. കാരണം, കിയയുടെ ഓഹരിയുടമകള്‍ കൂടിയാണ് ഹ്യുണ്ടായ്. ആന്ധ്രാപ്രദേശിലെ അനന്ത്പുരിലെ പ്ലാന്റിലാണ് കിയ കാറുകളുടെ നിര്‍മാണം നടക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റ, മാരുതി ബ്രെസ്സ, ഹോണ്ട ഡബ്ല്യു.ആര്‍.വി. എന്നിവയോട് മികച്ച മത്സരമാണ് ആദ്യ എസ്.യു.വിയിലൂടെ കിയ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്.
നേരത്തെ പുറത്തുവന്ന സ്‌പൈ ചിത്രങ്ങള്‍ പ്രകാരം കിയ വാഹനങ്ങളുടെ മുഖഛായയായ ടൈഗര്‍ നോസ് ഗ്രില്‍, നേര്‍ത്ത ഡിസൈനിലുള്ള ഹെഡ്ലാമ്പ്, ഇതിനു താഴെയായി വലിയ ഫോഗ്ലാമ്പ്, 5 സ്‌പോക്ക് അലോയി വീല്‍ എന്നിവയോടെയാണ് ഈ എസ്.യു.വി മോഡലെത്തുന്നത്. വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ ഹ്യുണ്ടായിയുടെ ക്രെറ്റയോട് രൂപസാദൃശ്യം തോന്നും. വോയിസ് റഗഗ്നീഷ്യനോടുകൂടിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓണ്‍-ബോര്‍ഡ് വൈഫൈ, വയര്‍ലെസ് ചാര്‍ജിങ്, 360 ഡിഗ്രി ക്യാമറ, ഹെഡ് അപ്പ് ഡിസ്‌പ്ലേ, ആംബിയന്റ് ലൈറ്റിങ് തുടങ്ങി നിരവധി സംവിധാനങ്ങള്‍ വാഹനത്തിലുണ്ടാകുമെന്നാണ് സൂചന.
മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. 1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 10-16 ലക്ഷത്തിനുള്ളിലില്‍ വിലയും പ്രതീക്ഷിക്കാം.
Content Highlights; Kia SP Concept-based SUV launch in August 2019