ഇന്ത്യയില്‍ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ പുറത്തിറക്കാന്‍ കിയ മോട്ടോഴ്‌സ് ആന്ധ്രാപ്രദേശ് സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടു. അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്ന കിയ മോട്ടോഴ്‌സിന്റെ നിര്‍മാണ കേന്ദ്രം ആന്ധ്രയിലെ അനന്ത്പുരിലാണ്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായുഡുവിന്റെയും കിയ മോട്ടോഴ്‌സ് ഇന്ത്യ സിഇഒ കൂക്ക്‌യ്ന്‍ ഷിംന്റെയും സാന്നിധ്യത്തില്‍ അമരാവതിയില്‍ നടന്ന ചടങ്ങിലാണ് ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ ബദല്‍ മാര്‍ഗത്തിലേക്ക് കിയ രംഗപ്രവേശനം ഉറപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരുമായുള്ള സഹകരണത്തിന്റെ ഭാഗമായി ചടങ്ങില്‍ കിയ മോട്ടോഴ്‌സ് മൂന്ന് പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്തു. നിറോയുടെ ഇലക്ട്രിക്, ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡലുകളാണ് കൈമാറിയത്. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനായി വിജയവാഡയില്‍ ഒരു ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനും കിയ ഒരുക്കും. ഒറ്റചാര്‍ജില്‍ ഏകദേശം 455 കിലോമീറ്ററോളം ദൂരം സഞ്ചരിക്കുന്ന മോഡലാണ് കിയ സര്‍ക്കാരിന് നല്‍കിയ നിറോ ഇലക്ട്രിക് ക്രോസ് ഓവര്‍. ഇലക്ട്രിക് പവറില്‍ 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പമുള്ളതാണ് നിറോ ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകള്‍.