കിയ ഇന്ത്യയിലെത്തിക്കുന്ന ആദ്യ മോഡലാണ് സെല്‍റ്റോസ്. ജൂണ്‍ 20-നാണ് കോംപാക്ട് എസ്‌യുവി സെല്‍റ്റോസ് ഇന്ത്യയില്‍ അവതരിക്കുന്നത്, ഈ വര്‍ഷം രണ്ടാം പകുതിയോടെ വിപണിയിലുമെത്തും. ഔദ്യോഗിക ലേഞ്ചിന് മുമ്പെ സെല്‍റ്റോസിന്റെ പുതിയ ടീസര്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ കമ്പനി. എല്‍ഇഡി ഹെഡ്‌ലാമ്പ്, ടൈഗര്‍ നോസ് ഗ്രില്‍, റൂഫ് ലൈന്‍, ഡോര്‍ ഹാന്‍ഡില്‍, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിവ ദൃശ്യമാകുന്നതാണ് ടീസര്‍.
2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ കിയ പ്രദര്‍ശിപ്പിച്ച എസ്പി കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് സെല്‍റ്റോസ്. എസ്പി കണ്‍സെപ്റ്റില്‍നിന്ന് രൂപത്തില്‍ വലിയ മാറ്റങ്ങളില്ലാതെയാകും സെല്‍റ്റോസ് വിപണിയിലെത്തുക. ഇതിനോടകം പുറത്തുവന്ന സ്പൈ ചിത്രങ്ങള്‍ പ്രകാരം ഒറ്റനോട്ടത്തില്‍ റേഞ്ച് റോവര്‍ ഇവോക്കിനോട് സാമ്യം തോന്നുന്ന വാഹനമാണ് കിയ സെല്‍റ്റോസ്.
ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ കിയ സെല്‍റ്റോസില്‍ അടിസ്ഥാന ഫീച്ചറുകളായിരിക്കും. ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ഗിയര്‍ ബോക്‌സിലും സെല്‍റ്റോസ് എത്തുമെന്നാണ് സൂചന. പരമാവധി 10-15 ലക്ഷത്തിനുള്ളില്‍ വിലയും പ്രതീക്ഷിക്കാം. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി വ്യക്തമാക്കുകയുള്ളു.
Content Highlights; Kia Seltos, Seltos SUV, Seltos