ഇന്ത്യക്കാരുടെ മനസറിഞ്ഞ വാഹനമായിരുന്നു കിയ സെല്‍റ്റോസ്. അതുകൊണ്ടുതന്നെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഈ വാഹനത്തെ ഇന്ത്യന്‍ നിരത്തുകള്‍ ഏറ്റെടുത്ത് കഴിഞ്ഞു. അതുമാത്രമല്ല അടുത്ത വാഹനത്തിനുള്ള കാത്തിരിപ്പിലുമാണ് വാഹനപ്രേമികള്‍. 2020-ല്‍ ആയിരിക്കും രണ്ടാമത്തെ വാഹനമെന്നാണ് സൂചനകള്‍.
എല്ലാ ആറ് മാസവും പുതിയ മോഡല്‍ എത്തിക്കുമെന്നാണ് കിയ മുമ്പ് അറിയിച്ചിരുന്നത്. അതിനാല്‍ തന്നെ ഇന്ത്യയിലേക്കുള്ള കിയയുടെ രണ്ടാമന്‍ ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലായിരിക്കും ഉദയം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി വരുന്നത് എംപിവിയായാല്‍ അത് കാര്‍ണിവല്‍ ആയിരിക്കുമെന്നുറപ്പ്.
ആദ്യ വാഹനം എസ്‌യുവി ശ്രേണിയിലായതിനാല്‍ തന്നെ ഇനി കൈവയ്ക്കുന്നത് എംപിവിയിലായിരിക്കുമെന്ന് കിയ തന്നെ അറിയിച്ചിരുന്നു. ഇന്ത്യയിലെ എംപിവികളില്‍ കിരിടം വയ്ക്കാത്ത രാജാവായ ഇന്നോവയ്ക്കുള്ള എതിരാളിയായി കിയയുടെ കാര്‍ണിവല്‍ എത്തുമെന്നാണ് വാഹനലോകത്തെ അഭ്യൂഹങ്ങള്‍.
കടുത്ത മത്സരത്തിന് സാധ്യതയുള്ള ശ്രേണിയാണ് എംപിവി. എന്നാല്‍, ഇന്നോവയ്ക്ക് ശക്തരായ എതിരാളികളില്ലെന്ന വിലയിരുത്തലാണ് കാര്‍ണിവല്‍ എന്ന വാഹനത്തിന്റെ സാധ്യത ഉയര്‍ത്തുന്നത്. കാര്‍ണിവലിന് ഏഴ്, എട്ട്, 11 സീറ്റ് മോഡലുകള്‍ ഉണ്ടെങ്കിലും ഏഴ് സീറ്റ് വേരിയന്റായിരിക്കും ഇന്ത്യയില്‍ എത്തിക്കുക.
കാഴ്ചയില്‍ കേമനാണ് കാര്‍ണിവല്‍. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഫീച്ചറുകള്‍ക്കൊപ്പം കിയയുടെ വാഹനങ്ങളുടെ സൗന്ദര്യവും സൗകര്യവും കരുത്തുമെല്ലാം ഒത്തിണങ്ങിയ മോഡലായതിനാല്‍ സെല്‍റ്റോസിന് കിട്ടിയ സ്വീകാര്യത കാര്‍ണിവലിലേക്കും എത്തുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.
2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരിക്കും കാര്‍ണിവലിന് കരുത്ത് പകരുന്നത്. ഇത് 196 ബിഎച്ച്പി പവറും 441 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ഒരുക്കുന്നത്.
Content Highlights: Kia's Second Car Will Be Carnival MPV