ഇന്ത്യന്‍ നിരത്തുകളില്‍ ഇതുവരെ എത്തിയിട്ടുള്ള കോംപാക്ട് എസ്‌യുവികള്‍ക്കൊന്നും പരാജയത്തിന്റെ കയ്പ്പ് അനുഭവിക്കേണ്ടി വന്നിട്ടില്ല. മറ്റെല്ലാ ശ്രേണികളെക്കാളും അതിവേഗം കരുത്താര്‍ജിക്കുന്ന ഈ ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ വാഹനങ്ങളിലെ പുതുമുഖമായ കിയ മോട്ടോഴ്‌സ്.
QYi എന്ന കോഡ് നമ്പര്‍ നല്‍കി നിര്‍മാണം ആരംഭിച്ച ഈ വാഹനം 2020-ന്റെ അവസാന പാദത്തോടെ നിരത്തുകളില്‍ പ്രതീക്ഷിക്കാം. ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ, മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോ സ്‌പോട്ട്, ടാറ്റ നെക്‌സോണ്‍ തുടങ്ങി എതിരാളികളുടെ വലിയ നിരയാണ് കിയ QYi-യെ കാത്തിരിക്കുന്നത്.
പ്ലാറ്റ്‌ഫോം, എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ എന്നിവ ഹ്യുണ്ടായി വെന്യുവില്‍ നിന്ന് കടമെടുത്തായിരിക്കും കിയ QYi എത്തുക. എതിരാളികളികളുടെ ഡിസൈനില്‍നിന്ന് മാറി പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന സ്‌റ്റൈലും സൗകര്യങ്ങളും ഈ വാഹനത്തില്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് സൂചനകള്‍.
1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് QYi എത്തുക. 1.2 ലിറ്റര്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കും, 1.0 ലിറ്റര്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയാണ് കിയ QYi-യില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
കിയ ഇന്ത്യയിലെത്തിച്ച ആദ്യ വാഹനമായ സെല്‍റ്റോസിലെ കണക്ടിവിറ്റി, സുരക്ഷ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തിലേക്കും പറിച്ചുനടും. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റം, റിമോട്ടില്‍ നിയന്ത്രിക്കാവുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഈ വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കും.
Content Highlights: Kia QYi Subcompact SUV