ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഉപകമ്പനിയായ കിയ മോട്ടോഴ്സ് ഇന്ത്യയില്‍ ആദ്യ നിര്‍മാണശാല ആരംഭിക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലാണ് കിയ ആദ്യ സംരംഭത്തിന് തുടക്കംകുറിക്കുന്നത്. ആന്ധ്രാ സര്‍ക്കാറുമായി ഇതുസംബന്ധിച്ച ധാരണപത്രത്തിലും കിയ മോട്ടോര്‍സ് ഒപ്പുവച്ചു. 2017 അവസാനത്തോടെ നിര്‍മാണശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് 2019 രണ്ടാം പകുതിയില്‍ പ്രൊഡക്ഷന്‍ ആരംഭിക്കും.
ഏകദേശം ഏഴായിരം കോടി മുതല്‍ മുടക്കിലാണ് ആന്ധ്രയില്‍ കമ്പനിയുടെ ആദ്യ പ്ലാന്റ് ആരംഭിക്കുക. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്തെ വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണിത്. 536 ഏക്കര്‍ സ്ഥലത്താണ് നിര്‍മാണ കേന്ദ്രം ആരംഭിക്കുന്നത്. ഒരു കോംപാക്ട് സെഡാനും ഒരു കോംപാക് സ്പോര്‍ട്സ് യൂട്ടിലിറ്റി മോഡലുമാകും ആദ്യഘട്ടത്തില്‍ കിയ അവതരിപ്പിക്കുക. നിലവില്‍ ദക്ഷിണ കൊറിയയിലെ രണ്ടാമത്തെ വലിയ വാഹന നിര്‍മാതാക്കളാണ് കിയ മോട്ടോഴ്സ്.
നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കിയ മോട്ടോര്‍സ് ഇവിടെ പ്ലാന്റ് തുടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചത്. 2020 തുടക്കത്തില്‍ കിയയുടെ ആദ്യ മോഡല്‍ വാണിജ്യാടിസ്ഥാനത്തില്‍ നിരത്തിലെത്തും. വര്‍ഷം മൂന്ന് ലക്ഷം കാറുകള്‍ ഉത്പാദിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. മാതൃകമ്പനിയായ ഹ്യുണ്ടായി മോട്ടോര്‍സ് 1990 മുതല്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. ഈ അടിത്തറയില്‍ വിപണി പിടിക്കാമെന്ന പ്രതീക്ഷയിലാണ് കിയ മോട്ടോര്‍സ്.